വീണ്ടും ചുവടുപിഴച്ച് സി.പി.എം; ശിക്ഷയിളവ് നീക്കത്തിൽ വാദങ്ങളെല്ലാം പൊളിഞ്ഞു
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കത്തിൽ സർക്കാർ വാദങ്ങളെല്ലാം പൊളിഞ്ഞു. ശിക്ഷയിളവിന് നീക്കമില്ലെന്നും എല്ലാം അഭ്യൂഹമെന്നും വിശദീകരിച്ച സർക്കാർ, ശിക്ഷയിളവ് നീക്കത്തിന്റെ പേരിൽ ജയിൽ ഉദ്യോഗസ്ഥരെ തിരക്കിട്ട് സസ്പെൻഡ് ചെയ്തത് ‘സെൽഫ് ഗോൾ’ ആയി. പ്രതിപക്ഷനേതാവിന്റെ സബ്മിഷൻ നിയമസഭയിൽ ചർച്ചക്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സസ്പെൻഷൻ വിവരം പുറത്തുവിട്ടത്.
എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ട് അവരെ ബലിയാടാക്കി തടിയൂരുകയാണ് സർക്കാർ. ഹൈകോടതി ഉത്തരവ് മറികടന്നുള്ള ശിക്ഷയിളവ് നീക്കത്തിൽ കോടതിയലക്ഷ്യ കേസ് വരാനുള്ള സാധ്യത മുന്നിൽകണ്ട് കൂടിയാണിത്. ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് സർക്കാർ ആലോചിച്ചിട്ടേയില്ലെന്നാണ് സർക്കാർ ആവർത്തിച്ച് വിശദീകരിക്കുന്നത്.
സർക്കാർ ഉത്തരവ് പ്രകാരമാണ് ശിക്ഷയിളവ് പട്ടിക തയാറാക്കി നൽകിയതെന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം സർക്കാർ വാദത്തെ സംശയത്തിലാക്കുന്നു. വിഷയം നിയമസഭയിൽ ചർച്ചയായ ശേഷമാണ് ശിക്ഷയിളവ് നൽകുന്നതിൽ അഭിപ്രായംതേടി പൊലീസ് മൂന്നുതവണ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ എം.എൽ.എയെ സമീപിച്ചത്. അത് എന്തിനെന്ന ചോദ്യത്തിന് സർക്കാറിന് മറുപടിയില്ല.
ഏറ്റവുമൊടുവിൽ ബുധനാഴ്ച രാത്രിയും കൊളവല്ലൂർ പൊലീസിൽനിന്ന് കെ.കെ. രമയെ ഫോണിൽ വിളിച്ച് അഭിപ്രായം തേടി. ശിക്ഷയിളവ് നീക്കം സർക്കാർ നിഷേധിക്കുമ്പോഴും അതിനുള്ള പ്രാഥമിക നടപടികൾ പൊലീസ് പൂർത്തിയാക്കിയിരുന്നു.
ടി.പി കേസ് പ്രതികൾക്ക് 20 വർഷം വരെ ശിക്ഷയിളവ് പാടില്ലെന്ന് ഹൈകോടതി ഉത്തരവുള്ളതിനാൽ മറിച്ച് ചെയ്യാൻ സർക്കാറിനാകില്ല. എന്നിട്ടും എന്തിന് ഇത്തരമൊരു നീക്കത്തിന് പിണറായി സർക്കാർ മുതിർന്നുവെന്നതാണ് ചോദ്യം.
നീക്കം വിവാദമായതോടെ, ഇക്കാര്യത്തിലെ തുടർനടപടികൾ സർക്കാറിനും പാർട്ടിക്കും വലിയ പരിക്കുണ്ടാക്കുമെന്ന് വ്യക്തമായിട്ടും കെ.കെ. രമയുടെ മൊഴിയെടുക്കലുമായി പൊലീസ് മുന്നോട്ടുപോയി.മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ഈ പിടിപ്പുകേട് ആയുധമാക്കിയാണ് നിയമസഭയിൽ പ്രതിപക്ഷം സർക്കാറിനെ കടന്നാക്രമിച്ചത്.
അനധികൃത പരോൾ, നിയമസഹായം, ഫോൺ ഉപയോഗമുൾപ്പെടെ ജയിലിലെ ചട്ടലംഘനങ്ങൾ തുടങ്ങി പലപ്പോഴായി ടി.പി കേസ് പ്രതികൾക്കൊപ്പംനിന്ന് കൈ പൊള്ളിയ അനുഭവമുണ്ട് സി.പി.എമ്മിന്. ഇപ്പോൾ പാളിപ്പോയ ശിക്ഷയിളവ് നീക്കം പാർട്ടിക്കുണ്ടാക്കിയ പരിക്കും ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.