എൽ.ഡി.എഫിലെ ചെറുകക്ഷികൾക്ക് മേൽ പിടിമുറുക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ഘടകകക്ഷികളിലെ സംസ്ഥാന േനതാക്കൾക്ക് പാർട്ടിയിൽ ഇടം നൽകി ചെറുകക്ഷികൾക്ക് മേൽ പിടിമുറുക്കാൻ സി.പി.എം. ലയിച്ച് ഒന്നാകാൻ പറഞ്ഞിട്ടും കേൾക്കാതെ നിൽക്കുന്ന ചെറുകക്ഷികൾക്ക് നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് എൽ.ജെ.ഡിയിലെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് സംസ്ഥാന നേതാക്കളെയും പ്രവർത്തകരെയും ഒപ്പം കൂട്ടാനുള്ള സി.പി.എം തീരുമാനം. സി.പി.എം സമ്മേളനം അവസാനിക്കുന്നതോടെ ചെറുകക്ഷികളെ ലയിപ്പിച്ച് ശക്തിപ്പെടുത്തി മുന്നണി ബലപ്പെടുത്താൻ നടപടി ആരംഭിക്കും. മൂന്ന് കേരള കോൺഗ്രസും രണ്ട് സോഷ്യലിസ്റ്റ് കക്ഷികളുമടക്കം നിലവിൽ 11 കക്ഷികളാണ് എൽ.ഡി.എഫിലുള്ളത്. കൂടാതെ നാഷനലിസ്റ്റ് സെക്കുലർ കോൺഗ്രസ്, ആർ.എസ്.പി ലെനിനിസ്റ്റ് എന്നിവ എൽ.ഡി.എഫിന് പുറത്ത് സഹകരിക്കുന്നുമുണ്ട്. കേരള കോൺഗ്രസും (സ്കറിയ) ജനാധിപത്യ കേരള കോൺഗ്രസും കേരള കോൺഗ്രസ് എമ്മിലും ജെ.ഡി (എസും) എൽ.ജെ.ഡിയും പരസ്പരവും ലയിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്. കക്ഷി ബാഹുല്യം കാരണം നാല് കക്ഷികൾക്കിടയിൽ മന്ത്രിസ്ഥാനം രണ്ടരവർഷം വീതം പങ്കുവെക്കുകയാണ് എൽ.ഡി.എഫ്. ഇതോടെയാണ് സമാന സ്വഭാവമുള്ള ചെറുകക്ഷികൾ ഒരുമിക്കണമെന്ന നിർദേശം സി.പി.എം മുന്നോട്ടുവെച്ചത്. പക്ഷേ, അനുകൂലമായിരുന്നില്ല പ്രതികരണം. ഈ സാഹചര്യത്തിലാണ് എൽ.ജെ.ഡിയിലെ കലഹം സി.പി.എം ആയുധമാക്കുന്നത്. ഐ.എൻ.എല്ലിലെ കലഹം കണ്ണുരുട്ടി അവസാനിപ്പിച്ച സി.പി.എമ്മിന് വിമതരോട് മൃദുസമീപനമാണെന്ന പരാതി എൽ.ജെ.ഡി ഔദ്യോഗിക പക്ഷത്തിനുണ്ടായിരുന്നു.
ഒടുവിൽ ജനറൽ സെക്രട്ടറി ഷേക് പി. ഹാരീസും രണ്ട് സംസ്ഥാന സെക്രട്ടറിമാരും സി.പി.എമ്മുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി വിടുന്ന സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ദേശീയ ജനറൽ സെക്രട്ടറി ജാവേദ് റാസ ആശംസ നേർന്നതും എൽ.ജെ.ഡി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്. ഇനി ജെ.ഡി.എസിൽ ലയിക്കാൻ എൽ.ജെ.ഡിക്കുമേൽ സമ്മർദം ചെലുത്തുക സി.പി.എമ്മിന് എളുപ്പമാണ്. ഒപ്പം ജനാധിപത്യ കേരള േകാൺഗ്രസും സ്കറിയ തോമസ് വിഭാഗവും മാണി ഗ്രൂപ്പിൽ ലയിക്കണമെന്ന ആവശ്യവും ശക്തമാക്കും. വിവിധ ജില്ലകളിൽ അച്ചടക്ക നടപടിക്ക് പുറത്താക്കുന്ന നേതാക്കളെ സി.പി.ഐ സ്വീകരിക്കുന്നതിൽ പരസ്യ വിമർശനം നടത്തിയ സി.പി.എമ്മാണ് ചെറു കക്ഷികളെ വിഴുങ്ങുന്നതെന്ന വിമർശനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.