അധികാര മത്തു കാേട്ടണ്ട: അവശ്യമെങ്കിൽ ഗവർണറുടെ അധികാരം നിയന്ത്രിക്കണമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: നിലവിലെ മാനദണ്ഡങ്ങൾക്ക് പുറത്തേക്ക് തന്റെ അധികാരം പ്രയോഗിച്ചാൽ, അവശ്യമെങ്കിൽ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്ത് ഗവർണറുടെ അധികാരം നിയന്ത്രിക്കണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ഗവർണറെ സംസ്ഥാന സർവകലാശാലകളിലെ ചാൻസലർ പദവിയിൽ അവരോധിക്കുന്ന നിയമങ്ങൾ വേണ്ടിവന്നാൽ ഭേദഗതി ചെയ്യണമെന്നും ആരിഫ് മുഹമ്മദ് ഖാനെ നിശിതമായി വിമർശിച്ച് സി.പി.എമ്മിന്റെ ദേശീയ മുഖപത്രമായ 'പീപ്പിൾസ് ഡെമോക്രസി'യുടെ മുഖപ്രസംഗം നിർദേശിച്ചു. കണ്ണൂർ വൈസ് ചാൻസലർ പുനർനിയമനത്തിൽ ഉൾപ്പെടെ സർക്കാറുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം ജാഗ്രതയോടെ പരിശോധിക്കണം. ഭരണഘടനാ മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലാതെ അങ്ങേയറ്റം മോശമായാണ് കേരള ഗവർണർ സംസാരിക്കുന്നത്. നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നയപ്രഖ്യാപനത്തിൽ ഒപ്പുവെക്കാൻ അദ്ദേഹം വിസമ്മതിച്ചു. അവസാന നിമിഷമാണ് അതിന് വഴങ്ങിയതും സഭയെ അഭിസംബോധന ചെയ്തതും.
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ വി.സി നിയമനത്തിൽ ഗവർണറുടെ റോൾ വിവാദമായിരുന്നു. കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമന ഉത്തരവിൽ ആദ്യം ഒപ്പുവെച്ചെങ്കിലും പിന്നീട് അവിശ്വാസം പ്രകടിപ്പിച്ചു. ആ നിയമനം കേരള ഹൈകോടതി ശരിവെച്ചു. പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗവർണർമാർ നടത്തുന്ന ഇടപെടലുകൾ ചൂണ്ടിക്കാട്ടിയ പീപ്പിൾസ് ഡെമോക്രസി, 2021 ഡിസംബറിൽ മഹാരാഷ്ട്ര സർക്കാർ 'മഹാരാഷ്ട്ര പബ്ലിക് യൂനിവേഴ്സിറ്റീസ് ആക്ട്' ഭേദഗതി ചെയ്തത് എടുത്തുപറയുന്നു.
ഈ ഭേദഗതിയിലൂടെ വി.സി നിയമനത്തിൽ സർക്കാർ ശിപാർശ ചെയ്യുന്ന രണ്ട് പേരുകൾ ഉൾപ്പെട്ട പാനലിൽനിന്ന് 30 ദിവസത്തിനകം നിയമനം അംഗീകരിക്കുന്നതിലേക്ക് ഗവർണറുടെ അധികാരത്തെ ചുരുക്കിയെന്നും വിശദീകരിക്കുന്നു. കണ്ണൂർ വി.സി പുനർനിയമനം ഉയർത്തി സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ആരോപിച്ച ആരിഫ് മുഹമ്മദ് ഖാൻ തന്റെ ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചാൻസലർ പദവിയിൽ തന്നെ തുടരണമെന്ന നിലപാടാണ് മുഖ്യമന്ത്രിയും എൽ.ഡി.എഫ് സർക്കാറും സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.