ടി.പി അനുസ്മരണം: ഘടകകക്ഷികളെ സി.പി.എം വിലക്കിയെന്ന് ആർ.എം.പി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് എൽ.ഡി.എഫ് ഘടകകക്ഷികളെ സി.പി.എം വിലക്കിയതായി ആർ.എം.പി. പരിപാടിയിൽ പങ്കെടുക്കരുതെന്ന് സി.പി.എം മറ്റ് കക്ഷികളോട് നിർദേശിച്ചതായി ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു ആരോപിച്ചു.
വടകര ഓർക്കാട്ടേരിയിൽ ജനുവരി രണ്ടിനാണ് ടി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടക്കുന്നത്. ഇതിലേക്ക് സി.പി.എം ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരുന്നെന്ന് വേണു പറയുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയാണ് ആദ്യം വിളിച്ചത്. എന്നാൽ, ആ ദിവസങ്ങളിൽ മറ്റ് പരിപാടികൾ ഉണ്ടെന്നാണ് അറിയിച്ചത്. സി.പി.ഐ കോഴിക്കോട് ജില്ല സെക്രട്ടറി ടി.വി. ബാലനെ വിളിച്ചിരുന്നു. എൽ.ഡി.എഫ് എന്ന നിലക്ക് പരിപാടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് വേണു പറയുന്നു.
വടകര എം.എൽ.എ സി.കെ. നാണുവിനെ വിളിച്ചപ്പോഴും എം.പി. വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ടപ്പോഴും സമാന മറുപടിയാണ് ലഭിച്ചത്. ഇത് സി.പി.എം നിർദേശത്തെ തുടർന്നാണെന്നും വേണു ആരോപിക്കുന്നു.
ഓര്‍ക്കാട്ടേരിയില്‍ മൂന്ന് നിലകളിലായി പണിപൂര്‍ത്തിയായ ടി.പി ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന സ്മാരകത്തിന്‍റെ ഉദ്ഘാടനമാണ് രണ്ടാം തീയതി നടക്കുന്നത്. ആര്‍.എം.പി(ഐ) അഖിലേന്ത്യാ ജനറൽ സെക്രട്ടറി മാംഗത്റാം പസ്ലയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.