വടകരയിൽ പാർട്ടി ദുർബലം; ഒഞ്ചിയത്ത് പൂർണ പരാജയമെന്നും സി.പി.എം സമ്മേളനത്തിൽ വിമർശനം
text_fieldsകോഴിക്കോട്: ശക്തികേന്ദ്രമായിരുന്ന വടകര താലൂക്കിലിപ്പോൾ പാർട്ടി ദുർബലമാണെന്നും ഒഞ്ചിയം ഏരിയ കമ്മിറ്റി സമ്പൂർണ പരാജയമാണെന്നും സി.പി.എം ജില്ല സമ്മേളനത്തിൽ വിമർശനം. വടകര മേഖലയിലെ കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിൽ വിജയിച്ചെങ്കിലും സംഘടനാസംവിധാനം വളരെ ദുർബലമാണ്.
തോറ്റ വടകര മണ്ഡലത്തിൽ മാത്രമല്ല, മറ്റിടത്തും വേണ്ടത്ര വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടില്ല. മൊത്തം വോട്ട് നോക്കുമ്പോൾ യു.ഡി.എഫിന് പിന്നിലാണ് എൽ.ഡി.എഫ്. വടകരയിൽ തോറ്റത് സ്വന്തം പാളയത്തിലെ വോട്ടുപെട്ടിയിലെത്തിക്കാൻ കഴിയാത്തതിനാലാണെന്നും വിമർശനമുയർന്നു.
ന്യൂനപക്ഷങ്ങളെയും ദലിത് മറ്റ് പിന്നാക്ക ജനവിഭാഗങ്ങളെയും ആകർഷിക്കാനുള്ള പ്രവർത്തനങ്ങളും കാമ്പയിനുകളും ഏറ്റെടുക്കുന്ന വേളയിലാണ് പാർട്ടി ഒഞ്ചിയം ഏരിയ സമ്മേളന പ്രതിനിധികളിൽ ഒരു മുസ്ലിം പോലും ഇല്ലാതെ പോയത്. ഇതെങ്ങനെ സംഭവിച്ചുവെന്നും പ്രതിനിധികൾ ചോദിച്ചു. ജില്ല സെക്രട്ടേറിയറ്റിൽ സെക്രട്ടറി ഒഴികെയുള്ളവരുടെ പ്രവർത്തനം ശരാശരിയിലും താഴെയാണെന്ന് തിരുവമ്പാടിയിൽനിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മറ്റു ഘടകങ്ങളേക്കാൾ ഉയർന്ന ബോധത്തിലും നിലവാരത്തിലും ഉള്ള പ്രവർത്തനം ഉണ്ടാകുന്നില്ലെന്നായിരുന്നു വിമർശനം.
കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിന് ഒരുവിധ രാഷ്ട്രീയധാരണയും ഇല്ല. ഇത് ഇവരുടെ പ്രവർത്തനത്തിലും ഇടപെടലിലും പ്രതിഫലിക്കുന്നു.
മറ്റു മന്ത്രിമാരേക്കാൾ മികച്ച പ്രവർത്തനമാണ് പി.എ. മുഹമ്മദ് റിയാസിന്റേതെന്ന് രണ്ട് ഏരിയയിൽനിന്നുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ, ഒരു മന്ത്രി മാത്രമായി നല്ലതല്ലെന്നും നിങ്ങൾ കോഴിക്കോട്ടെ മന്ത്രിമാരെ മാത്രം നോക്കുന്നതിനാലാണിങ്ങനെ തോന്നുന്നതെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിനായി മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ജില്ല സെക്രട്ടേറിയറ്റിലെ അംഗങ്ങൾക്കെതിരെയും ഒഞ്ചിയം ഏരിയ കമ്മിറ്റിക്കെതിരെയുമുള്ള വിമർശനം പ്രത്യേകം പാർട്ടി പരിശോധിക്കുമെന്ന് മറുപടി പ്രസംഗത്തിൽ ജില്ല സെക്രട്ടറി പി. മോഹനനും വ്യക്തമാക്കി.
തീരമേഖലകളിൽ വർഗീയത പിടിമുറുക്കുന്നെന്ന് പ്രതിനിധികൾ
കോഴിക്കോട്: വ്യത്യസ്തമായ മേഖലകളിൽ പാർട്ടി സ്വാധീനം ഇനിയും വിപുലപ്പെടുത്തണമെന്ന് സി.പി.എം ജില്ല സമ്മേളനത്തിൽ നിർദേശം. മുന്നേറ്റമുണ്ടെങ്കിലും അസന്തുലിതാവസ്ഥ തുടരുകയാണ്. മിക്ക മേഖലകളിലും നേട്ടമുണ്ടായെങ്കിലും ചിലയിടങ്ങളിൽ പിന്നാക്കമാണെന്നും വിലയിരുത്തലുണ്ടായി.
അതത് മേഖലകളുടെ സവിശേഷതകൾകൂടി പരിഗണിച്ചാകണം പാർട്ടി ഇടപെടൽ. മലയോര, തീരദേശ മേഖലകളിൽ ഇനിയും മുന്നേറണം. തീരദേശ മേഖലകളിൽ വർഗീയ സംഘടനകൾ പിടിമുറുക്കുന്നതായി പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വർഗീയ സംഘടനകളുടെ അത്യാപത്ത് ബോധ്യപ്പെടുത്തണം. പട്ടികജാതി, ആദിവാസി കോളനികളിൽ ജനങ്ങളുടെ ആവശ്യങ്ങൾ പൂർണമായി നടപ്പാക്കാൻ കണ്ടറിഞ്ഞ് പ്രവർത്തിക്കണം.
താഴേതലം വരെയുള്ള സഖാക്കൾ ഒറ്റക്കെട്ടായി ഇടപെട്ടതാണ് ജില്ലയിൽ സി.പി.എമ്മിന് കുതിപ്പുണ്ടാകാൻ കാരണമെന്ന് പ്രതിനിധികൾ പറഞ്ഞു. പാർട്ടി വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തണമെന്നും പലരും ആവശ്യപ്പെട്ടു. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം ബ്രാഞ്ച് തലം വരെ വേണമെന്നും ചിലർ ആവശ്യപ്പെട്ടു.
അതേസമയം, ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും നേരത്തേ തീരുമാനിച്ചതായതിനാലാണ് സമ്മേളനം തുടരുന്നതെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി അഞ്ച് മണിക്കൂറാണ് പൊതുചർച്ച നീണ്ടത്. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ ചർച്ച തുടർന്നു. നാല് മണിക്ക് സമ്മേളനം പുനരാരംഭിച്ച ശേഷം ജില്ല സെക്രട്ടറി പി. മോഹനനും സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറഞ്ഞു.
മലബാർ സമര പോരാളികളുടെ പേരുകൾ നീക്കംചെയ്യരുത് –സി.പി.എം സമ്മേളനം
കോഴിക്കോട്: മലബാർ സമര രക്തസാക്ഷികളെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നിഘണ്ടുവിന്റെ അഞ്ചാംവാള്യത്തിൽനിന്ന് വെട്ടിമാറ്റാനുള്ള നീക്കങ്ങളിൽനിന്ന് ഐ.സി.എച്ച്.ആറും കേന്ദ്രസർക്കാറും പിന്മാറണമെന്ന് സി.പി.എം ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയും ഉൾപ്പെടെ 387 ധീരദേശാഭിമാനികളുടെ പേരുകളാണ് രകതസാക്ഷി നിഘണ്ടുവിൽനിന്ന് നീക്കം ചെയ്യാൻ ഐ.സി.എച്ച്.ആർ ഉപസമിതി ശിപാർശ ചെയ്തത്. ചരിത്രം മാറ്റിയെഴുതി ഹിന്ദുത്വ അജണ്ടക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരമൊരുക്കുന്ന കേന്ദ്രസർക്കാറിന്റെ നീക്കങ്ങൾക്കെതിരെ അക്കാദമിക് സമൂഹവും പൊതുസമൂഹവും ജാഗ്രത്തായിരിക്കണമെന്നും സമ്മേളനം അഭ്യർഥിച്ചു.
കസ്തൂരിരംഗൻ റിപ്പോർട്ടിലെ അവ്യക്തത നീക്കാനും ജനവാസമേഖലയെ പൂർണമായും ഇ.എസ്.ഐ പരിധിയിൽനിന്ന് ഒഴിവാക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖല സംരക്ഷണത്തിനായി വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കുകളെയും സമരങ്ങളെയും പിന്തുണക്കണമെന്നും അഭ്യർഥിച്ചു.
സ്ത്രീപക്ഷ കേരളം യാഥാർഥ്യമാക്കാൻ എല്ലാ ബഹുജന പ്രസ്ഥാനങ്ങളും ശാസ്ത്ര, കലാസാഹിത്യ സംഘടനകളും ട്രേഡ് യൂനിയനുകളും സർവിസ് സംഘടനകളും രംഗത്തിറങ്ങണമെന്ന് ആഹ്വാനംചെയ്തു.
ജില്ല സെക്രട്ടേറിയറ്റിലേക്ക് പുതുനിര
കോഴിക്കോട്: സി.പി.എം ജില്ല സെക്രട്ടേറിയറ്റിലേക്ക് പുതുതായി ആറോളം പേർ എത്തിയേക്കും. കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ, മുൻ കുറ്റ്യാടി എം.എൽ.എ കെ.കെ. ലതിക, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി എം. മുകുന്ദൻ, തിരുവമ്പാടി മുൻ ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ, ഫറോക്ക് എരിയ സെക്രട്ടറി എം. ഗിരീഷ്, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, ഡി.വൈ.എഫ്.ഐ മുൻ നേതാക്കളായ പി.കെ. പ്രേമനാഥ്, പി. നിഖിൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിൽ കെ.കെ. ദിനേശന്റെയും കെ.കെ. ലതികയുടെയും പേരുകൾ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ യോഗത്തിൽ വിമർശനമുയരുമോ എന്ന സംശയവും നിലനിൽക്കുന്നു.
നേരത്തെയുള്ള 12 അംഗ ജില്ല സെക്രട്ടേറിയറ്റിൽനിന്ന് കുറ്റ്യാടിയിലെ പരസ്യ പ്രകടനത്തിന്റെ പേരിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഒഴിവാക്കിയിരുന്നു. മറ്റുള്ളവരിൽ മുൻ മേയർ കൂടിയായ ടി.പി. ദാസൻ, മുൻ എം.എൽ.എമാരായ പി. വിശ്വൻ, ജോർജ് എം. തോമസ്, ഒപ്പം സി. ഭാസ്കരൻ, കെ. കുഞ്ഞമ്മദ് തുടങ്ങിയവരെയും ഒഴിവാക്കാനാണ് സാധ്യത.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻ ദേവ് എം.എൽ.എ, ഏരിയ സെക്രട്ടറിമാരായ കെ.എം. രാധാകൃഷ്ണൻ, എം. കുഞ്ഞമ്മദ്, ഇസ്മയിൽ കുറുമ്പൊയിൽ ഉൾപ്പെടെ ജില്ല കമ്മിറ്റിയിൽ പുതുതായി പന്ത്രണ്ടോളം പേർ എത്തുമെന്നും ഇതിൽ നാലിലേറെ പേർ വനിതകളായിരിക്കുമെന്നുമാണ് വിവരം.
ഇന്ന് സമാപിക്കും
കോഴിക്കോട്: ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ സി.പി.എം ജില്ല സമ്മേളനം ബുധനാഴ്ച സമാപിക്കും. പൊതുസമ്മേളനം വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പൊതുസമ്മേളനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ബീച്ചിലേക്കെത്തേണ്ടതില്ലെന്നും ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.