ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല- വി.ഡി. സതീശൻ
text_fieldsചേര്‍ത്തല (ആലപ്പുഴ): ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.ഐ.ടി.യു ബദല്‍ സമരം സംഘടിപ്പിക്കുന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്ന നടപടിയാണോയെന്ന് സി.പി.എം പരിശോധിക്കണം. ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സമ്മതിക്കില്ല.
പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും യു.ഡി.എഫും ഒപ്പമുണ്ട്. ന്യായമായ സമരമാണെന്നു തോന്നിയതു കൊണ്ടാണ് പിന്തുണ നല്‍കിയത്. വേതന വര്‍ധനവിന് വേണ്ടി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ എത്ര മോശമായാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അപഹസിക്കുന്നത്.
ഇത് കേരളത്തില്‍ നടക്കുന്ന ആദ്യ സമരമാണോ? എത്രയോ അനാവശ്യ സമരങ്ങള്‍ നടന്നിട്ടുണ്ട്. സമരത്തിന്റെ പേരില്‍ എന്തെല്ലാം അതിക്രമങ്ങളാണ് സി.പി.എം ചെയ്തിട്ടുള്ളത്. ബസില്‍ സഞ്ചരിച്ചവരെ ജീവനോട് കത്തിച്ച പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സി.പി.എം പഴയ സമരചരിത്രങ്ങള്‍ മറന്നു പോയോ? സമരം ചെയ്യുന്നവരോട് സിപിഎമ്മിന് അസഹിഷ്ണുതയും പുച്ഛവുമാണ്.
ഭീഷണിപ്പെടുത്തിയും അവഹേളിച്ചും പാവപ്പെട്ട സ്ത്രീകള്‍ ചെയ്യുന്ന സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ മാവോസ്സായിസ്റ്റുകളാണെന്നാണ് ആക്ഷേപം. സമരം ചെയ്യുന്ന ആളുകളുടെ ശമ്പളം എഴുതേണ്ടെന്നാണ് പറയുന്നത്. സി.പി.എം കാട്ടുന്നത് മാടമ്പിത്തരമാണ്. കേരളത്തില്‍ ഇപ്പോഴുള്ളത് ഇടതുപക്ഷ സര്‍ക്കാരല്ല, തീവ്ര വലതുപക്ഷ സര്‍ക്കാരാണ്. എന്നു മുതലാണ് ഇവര്‍ മേലാളന്മാരും മുതലാളിമാകും ആയത്. അധികാരത്തിന്റെ അഹങ്കാരം സി.പി.എമ്മിന്റെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കും.
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പാറഖനനം നടത്തിയതിന്റെ 27 റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇതെല്ലാം മറച്ചുവെച്ചു കൊണ്ട് ഈ നേതാക്കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വീണ്ടും ഖനനത്തിന് അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.