കരുതലോടെ സി.പി.എം; ഭരണവിരുദ്ധവികാരം മറികടക്കാൻ തിരുത്തൽ നടപടികൾ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ ഭരണവിരുദ്ധ വികാരം ഉയരാതിരിക്കാൻ തിരുത്തൽ നടപടികളുമായി സംസ്ഥാന സർക്കാർ. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ഇതിൽ ഒടുവിലത്തേതാണ്. സി.എ.എ വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സി.പി.എം നീക്കം നടത്തുമ്പോൾ നേരത്തേ നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് ഈ മനംമാറ്റം.
ക്ഷേമ പെൻഷൻ കുടിശ്ശിക, വന്യജീവി ആക്രമണം, സിദ്ധാർഥന്റെ മരണം, സപ്ലൈകോ പ്രതിസന്ധി എന്നിവയാണ് കാര്യമായ ചർച്ചയായത്. വന്യജീവി ആക്രമണം നേരിടുന്ന മലയോര ജനതയുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടലിന് പരിമിതിയുണ്ട്.
എങ്കിലും വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തത് ഹൈറേഞ്ചിലെ ജനരോഷം തണുപ്പിക്കാനാണ്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നിൽ എസ്.എഫ്.ഐയുടെ ആൾക്കൂട്ട വിചാരണയും മർദനവുമാണെന്നത് പുറത്തുവന്നത് സംസ്ഥാന സർക്കാറിനെയും പ്രതിരോധത്തിലാക്കി.
സിദ്ധാർഥന്റെ പിതാവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ അതിൽനിന്ന് തടിയൂരിയത്. ക്ഷേമ പെൻഷൻ മാസങ്ങളായി കുടിശ്ശികയായത് ഘടക കക്ഷികളിൽനിന്നുവരെ കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി.
കേന്ദ്രം ഫണ്ടു തരുന്നില്ലെന്ന വിശദീകരണം നൽകിയെങ്കിലും ജനരോഷം തണുപ്പിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടമെടുത്ത പണം നീക്കിവെച്ച് രണ്ടു മാസത്തെ കുടിശ്ശിക നൽകാൻ ധനമന്ത്രി നിർദേശിച്ചത് ക്ഷേമപെൻഷൻകാരുടെ വോട്ട് എതിരാകാതിരിക്കാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.