53 വർഷത്തിനുശേഷം വികസന നയരേഖയുമായി സി.പി.എം
text_fieldsകൊച്ചി: അരനൂറ്റാണ്ടിനുശേഷം വികസനം മുഖ്യ അജണ്ടയാക്കിയ നയരേഖയുമായി സി.പി.എം. ഇടതുമുന്നണിക്ക് ആദ്യമായി ലഭിച്ച ഭരണത്തുടർച്ചക്ക് തുടർച്ച സൃഷ്ടിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് മുമ്പാകെ 'നവകേരള വികസന കാഴ്ചപ്പാട്' എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച അവതരിപ്പിക്കുക.
1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയപ്പോൾ സമാനമായി വികസന കാഴ്ചപ്പാട് തയാറാക്കിയിരുന്നു. പിളർപ്പിനുശേഷം 1967ലെ ഇ.എം.എസ് സർക്കാറിലാണ് സി.പി.എം വികസനം സംബന്ധിച്ച കാഴ്ചപ്പാട് രൂപപ്പെടുത്തുന്ന രേഖ തയാറാക്കിയത്. നീണ്ട 53 വർഷത്തിനു ശേഷമാണ് ഭരണത്തുടർച്ച മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ ഒരിക്കൽക്കൂടി വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ചാണ് പാർട്ടി പ്രതിനിധികൾക്ക് മുന്നിലേക്ക് 25 വർഷം മുന്നിൽക്കണ്ടുള്ള വികസന കാഴ്ചപ്പാട് ചർച്ചക്ക് വെക്കുന്നത്.
ഇതോടെ സംസ്ഥാന സമ്മേളനത്തിന്റെ അജണ്ട കേരള വികസനമായി മാറി. സംസ്ഥാനത്തിന്റെ താൽപര്യത്തിന് യോജിച്ചതും പരിസ്ഥിതിക്ക് ദോഷകരവുമല്ലാത്ത വികസനം ധനമൂലധന നിക്ഷേപത്തെ ആകർഷിച്ചുകൊണ്ടുവരുകയാണ് വേണ്ടതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. ഇത്തരം നിലപാടുകളിൽ പാർട്ടിക്കുള്ളിലും പുറത്തും ആശയസമരം നടത്തിയിരുന്ന വി.എസ്. അച്യുതാനന്ദൻ ഇന്ന് ശയ്യാവലംബിയായതോടെ വികസന മാർഗത്തിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം വാങ്ങുകയാണ് സി.പി.എം.
തീർത്തും അവശനായ വി.എസ് പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനം കൂടിയാണിത്. അരലക്ഷം പേർക്ക് പരോക്ഷമായും പ്രത്യക്ഷമായും തൊഴിൽ നൽകുമെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ്, ബി.ജെ.പി അടക്കം പ്രത്യക്ഷ സമരമുഖം തുറക്കുന്നതിനൊപ്പം സി.പി.ഐയിൽ നിന്നുയരുന്ന മുറുമുറുപ്പും മറികടക്കുന്നതിനാണ് വികസന നയരേഖക്ക് അംഗീകാരം തേടാൻ സി.പി.എം തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലക്കും ഊന്നൽ നൽകുന്നതാവും നയരേഖ.
അതേസമയം, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ട് വിഭാഗീയതയും ഗ്രൂപ്പിസവും സംസ്ഥാന തലത്തിൽ അവസാനിച്ച കേന്ദ്രീകൃത നേതൃത്വത്തെയാണ് എടുത്തുകാട്ടുക. എൽ.ഡി.എഫിന് ഇപ്പോഴും 50 ശതമാനം ജനങ്ങളുടെ പിന്തുണ ഇല്ലെന്നിരിക്കെ സി.പി.എമ്മിനെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമാക്കി മാറ്റാനുള്ള നയങ്ങൾക്ക് സമ്മേളനം രൂപം നൽകും. പ്രാദേശിക വിഭാഗീയതകൾ ചില നേതാക്കളെ ചുറ്റി രൂപപ്പെടുന്നതിൽ ചർച്ച നടക്കും. അതേസമയം, രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തെക്കുറിച്ച വിശകലനങ്ങൾ ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിലേക്ക് പോകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസം തലസ്ഥാന ജില്ലയിലുണ്ടായ ലോക്കപ് മരണ ആരോപണത്തിന്റെ വികാരം പ്രതിനിധികൾ ഉൾക്കൊണ്ടാൽ നേതൃത്വത്തിന് ഇടപെടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.