പി.വി. അൻവറിനെ പിന്തുണച്ച് സി.പി.എം വനിത എം.എൽ.എ; ‘ആഭ്യന്തര വകുപ്പിൽ എക്കാലത്തും പവർഗ്രൂപ്പ് ഉണ്ടായിരുന്നു’
text_fieldsകോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എം.എൽ.എക്ക് പിന്തുണയുമായി മറ്റൊരു സി.പി.എം എം.എൽ.എ രംഗത്ത്. കായംകുളം എം.എൽ.എ അഡ്വ. യു. പ്രതിഭയാണ് പിന്തുണ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുക്കെട്ടിന് നേർക്കുനേർ ആണ്. പിന്തുണ’ എന്ന് പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യമായാണ് ഒരു ഭരണകക്ഷി എം.എൽ.എ പി.വി. അൻവറിന്‍റെ ആരോപണങ്ങളിൽ പരസ്യ പിന്തുണ അറിയിക്കുന്നത്.
പി.വി. അൻവറിന്‍റേത് സത്യസന്ധമായ അഭിപ്രായമാണെന്ന് വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതിഭ ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിൽ എക്കാലത്തും ഒരു പവർഗ്രൂപ്പ് ഉണ്ടായിരുന്നു. അത് പരിശോധിക്കണം. ഒരു സംവിധാനത്തിലെ തിരുത്തലാണ് അൻവർ ഉദ്ദേശിക്കുന്നത്. അത് മുഖ്യമന്ത്രിക്കെതിരെയാണെന്ന് വരുത്തുന്നത് മാധ്യമങ്ങളാണെന്നും പ്രതിഭ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴും അത് മുകേഷിനെതിരായ നീക്കമായി ചുരുക്കാനാണ് എതിരാളികൾ ശ്രമിച്ചത്. സിനിമ മേഖലയിലെ പൊതുവായ തിരുത്തലാണ് കമ്മിറ്റി ഉദ്ദേശിച്ചത്. ഉമ്മൻചാണ്ടിക്കെതിരെ സി.ഡിയുണ്ടെന്ന് പറഞ്ഞ് തപ്പിപ്പോയ മാധ്യമങ്ങൾ ഇതിലും ഉത്സാഹം കാണിക്കണം. സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടതെന്നും പ്രതിഭ ആവശ്യപ്പെട്ടു.
സ്വകാര്യ ടിവി ചാനൽ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ്ബെല്‍ ജോണിനും മറ്റൊരു പോസ്റ്റിൽ പ്രതിഭ പിന്തുണ അറിയിച്ചു.
'സെക്കൻഡ് ഹാൻഡ് സ്കൂട്ടർ നിന്നും കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവർത്തനം. ഇത്തരക്കാർ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാൻ രാഷ്ട്രീയത്തിൽ വരുന്നവരെ അടിച്ചു പുറത്താക്കണം. പിന്തുണ' എന്നാണ് പ്രതിഭ പോസ്റ്റിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.