ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം; ആരു വന്നാലും സ്വീകരിക്കുമെന്ന് പി.കെ. ശശി, ഗോപിനാഥിന്‍റെ കാര്യത്തിൽ തീരുമാനം ഉടൻ
text_fieldsപാലക്കാട്: മുൻ ഡി.സി.സി അധ്യക്ഷൻ എ.വി. ഗോപിനാഥ് സി.പി.എമ്മിന്‍റെ പിന്തുണയോടെ പാലക്കാട്ട് മത്സരിക്കുന്ന കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ജില്ല നേതൃത്വം. എ.വി. ഗോപിനാഥ് ആദ്യം പാർട്ടി വിട്ട് പുറത്തുവരട്ടേയെന്ന് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞു. അതേസമയം, ആരു വന്നാലും സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി.കെ. ശശി എം.എൽ.എ വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിലിനെതിരെ മുൻ എം.എൽ.എ കൂടിയായ എ.വി. ഗോപിനാഥൻ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസുമായി അകൽച്ചയിലാണെന്ന് വ്യക്തമാക്കിയ ഗോപിനാഥൻ ആരുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ആശയപരമായി യോജിച്ചുപോകാവുന്ന ആരുമായും സഹകരിക്കുമെന്നാണ് ഇദ്ദേഹത്തിന്‍റെ നിലപാട്.
ആരു വന്നാലും സ്വീകരിക്കുമെന്നാണ് പി.കെ. ശശി എം.എൽ.എ പറഞ്ഞത്. പ്രവര്‍ത്തകരെ മാത്രമല്ല, നേതാക്കളെയും സി.പി.എം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഫലമായാണ് ഷാഫിക്കെതിരെ മുൻ ഡി.സി.സി അധ്യക്ഷൻ മത്സരത്തിനിറങ്ങുന്നത്. 2011ൽ എ.വി. ഗോപിനാഥിന്‍റെ സ്ഥാനാർഥിത്വം തെറിപ്പിച്ചാണ് ഷാഫി പറമ്പിൽ പാലക്കാട്ട് മത്സരിച്ചത്. ഗോപിനാഥിനായി പോസ്റ്ററുകൾ വരെ അച്ചടിച്ച ശേഷമാണ് സ്ഥാനാർഥിയെ മാറ്റിയത്. അന്ന് മുതൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നു.
പാർട്ടി അവഗണിക്കുന്നതിനെതിരെ മത്സരരംഗത്തിറങ്ങണമെന്ന് ഗോപിനാഥിനെ പിന്തുണക്കുന്ന കോൺഗ്രസ് അനുഭാവികൾ തന്നെ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രനായി മത്സരിക്കുമോ, സി.പി.എം പിന്തുണയോടെ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.