കോൺഗ്രസിനെ നേരിടാൻ ബി.ജെ.പി ചാപ്പ; കടന്നാക്രമണത്തിന് സി.പി.എം
text_fieldsതിരുവനന്തപുരം: ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ സഖ്യത്തിൽ ഒരുമിച്ചാണെങ്കിലും കേരളത്തിൽ പ്രചാരണ കാമ്പയിനുകളിൽ കോൺഗ്രസിനെ ബി.ജെ.പി ചാപ്പയടിച്ച് നേരിടാൻ സി.പി.എം. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകൾ പത്മജയുടെ ബി.ജെ.പി പ്രവേശം മുതൽ ദേശീയ രാഷ്ട്രീയത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും കൂറുമാറ്റങ്ങൾ വരെ അക്കമിട്ടാണ് കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള കടന്നാക്രമണം.
തിരുവനന്തപുരം ലോക്സഭ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ഇതിന് അടിവരയിടുന്നു. കോൺഗ്രസിനെ ജയിപ്പിച്ചാൽ അവർ ബി.ജെ.പിയായി മാറുകയാണെന്നും ഇങ്ങനെയൊരു നാണം കെട്ട പാർട്ടിയെ എങ്ങനെ വിശ്വസിക്കുമെന്നുമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ ചോദിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ 19 സീറ്റ് നേട്ടം കേരളത്തിൽ പൊതുവിൽ ഉയർന്ന ബി.ജെ.പി വിരുദ്ധവികാരത്തിന്‍റെ പ്രതിഫലനവും രാഹുൽ ഇഫക്ടുമെന്നാണ് സി.പി.എം വിലയിരുത്തൽ.
രാഹുൽ പ്രധാനമന്ത്രിയാകുമെന്നും അതിന് തടസ്സമായി കോൺഗ്രസിന്‍റെ സീറ്റെണ്ണം കുറഞ്ഞ് പോകരുതെന്നും കരുതിയ ശുദ്ധമനസ്കരുടെ നിലപാടാണ് ഇടതുമുന്നണിയുടെ കനത്തപരാജയത്തിന് ഇടവരുത്തിയത്. ഇങ്ങനെ വോട്ടുചെയ്തവരാരും സി.പി.എം വിരുദ്ധരല്ലെന്നും അവരെ നയിച്ച പൊതുവികാരം ബി.ജെ.പി വിരുദ്ധതയാണെന്നും പാർട്ടി കരുതുന്നു. ഈ ‘ശുദ്ധ മനസ്കരിൽ’ ആരെല്ലാം ഉൾപ്പെടുമോ അവരെയെല്ലാം മാറിച്ചിന്തിപ്പിക്കാനും അതുവഴി പരമാവധി സീറ്റെണ്ണം വർധിപ്പിക്കാനുമാണ് നീക്കം.
കൂറുമാറ്റങ്ങളും മൃദുനിലപാടുകളുമെല്ലം എണ്ണിപ്പറഞ്ഞാണ് കോൺഗ്രസിന് ബി.ജെ.പിയെ നേരിടാനാവില്ലെന്ന് സി.പി.എം കേരളത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അനുബന്ധമായി സമൂഹമാധ്യമ കാമ്പയിനുകൾ തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴയിലെ കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർഥിത്വത്തെ ഇതേ പോയന്‍റ് രാഷ്ട്രീയമായി ചർച്ചയാക്കാനും തീരുമാനമുണ്ട്.
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായ കെ.സിക്ക് രണ്ടു വർഷം കൂടി കാലാവധിയുണ്ട്. അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ച് ജയിക്കുന്നതിലൂടെ വീണ്ടും രാജ്യസഭ തെരഞ്ഞെടുപ്പ് വരും. ഇതിൽ കോൺഗ്രസിന് ജയിക്കാവുന്ന നിലയിലല്ല രാജസ്ഥാൻ നിയമസഭയിലെ സീറ്റ്നില. ഫലത്തിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ അവർക്ക് ഒരംഗത്തെ കൂടി സംഭാവന ചെയ്യലാണ് കോൺഗ്രസ് ലക്ഷ്യമെന്നാണ് സി.പി.എം ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.