യു.ഡി.എഫിന്‍റെ അധികാര കേന്ദ്രം മധ്യ തിരുവിതാംകൂർ -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കുമെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഒാരോ ചെറിയ കാര്യങ്ങളും വർഗീയവൽകരിച്ച് ഉപയോഗിക്കുകയാണ്. ലീഗിനെതിരായ വിദ്വേഷ പ്രചാരണത്തിൽ നിന്ന് സി.പി.എമ്മിന് പിന്നോട്ട് പോകേണ്ടി വന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വർഗീയ കാർഡ് ഇറക്കി വോട്ട് നേടാൻ ശ്രമിച്ചാൽ അവസാനം ത്രിപുരയിലും ബംഗാളും സംഭവിച്ചത് സി.പി.എമ്മിന് കേരളത്തിലുമുണ്ടാകും. ശബരിമല വിഷയത്തിൽ ചെയ്ത മണ്ടത്തരമാണ് അവരുടെ വോട്ടുകൾ ഒന്നായി ഒഴുകിപ്പോകാൻ ഇടയാക്കിയത്. ഇപ്പോൾ വീണ്ടും വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് മുക്ത കേരളം എന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിൽ സി.പി.എം സൂക്ഷിക്കണം. സി.പി.എമ്മിന്‍റെ മരണമണിയാണ് മുഴുങ്ങുന്നത്. ആദ്യം പ്രതിപക്ഷം പിന്നെ ഭരണകക്ഷി എന്നാണ് ബി.ജെ.പി പറയുന്നത്. കോൺഗ്രസ് മുക്ത കേരളത്തിനായി സി.പി.എമ്മിനെ ബി.ജെ.പി സഹായിക്കുമെന്ന ആശങ്കയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ് ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ മനഃപ്പൂർവം തെറ്റിദ്ധാരണ ഉണ്ടാക്കിയതാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ സൗഹാർദത്തിന്‍റെ രാഷ്ട്രീയമാണ് വേണ്ടത്. അതിൽ സി.പി.എം ആണ് മാറ്റം വരുത്തിയത്. മധ്യ തിരുവിതാംകൂർ ആണ് യു.ഡി.എഫിന്‍റെ അധികാര കേന്ദ്രം. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും എല്ലാം അവിടെ നിന്നാണ്. എല്ലാവരും യു.ഡി.എഫിന്‍റെ അധികാര കേന്ദ്രത്തെ ആശ്രയിച്ചല്ലേ പോയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മധ്യ കേരളത്തിലെ അധികാര കേന്ദ്രം വേണ്ടെന്ന് വെച്ച് സി.പി.എമ്മിന്‍റെയോ ബി.ജെ.പിയുടെയോ കൈയ്യിൽ കൊടുക്കാൻ വിവരവും വിദ്യാഭ്യാസവുമുള്ള ഒരു ജനവിഭാഗം തയാറാകുമെന്ന് തോന്നുന്നില്ല. സി.പി.എം അവരുടെ നിലപാട് നിമിഷ നേരം കൊണ്ട് മാറ്റും. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സി.പി.എം നിലപാട് മാറ്റി. ആ സമയം നികൃഷ്ടജീവി എന്ന് വിളിക്കാൻ സി.പി.എമ്മിന് മടികാണില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് ലീഗ് വിദ്യാഭ്യാസ വകുപ്പ് ഒഴുവാക്കിയിട്ടുണ്ട്. അന്ന് ടി.എം. ജേക്കബ് ആയിരുന്നു മന്ത്രിയായത്. വകുപ്പുകൾ മാറിമാറി വരുന്ന കാര്യങ്ങളാണ്. എല്ലാ കാര്യത്തിലും ലീഗ് വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.