ക്രിസ്മസ്: സി.പി.എമ്മിന്റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘ്പരിവാറിന് വളമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: വര്‍ഗസമരം വലിച്ചെറിഞ്ഞ് സി.പി.എം സംഘ്പരിവാറിനെ പോലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ ഉത്തരേന്ത്യയിലേതിന് സമാനമായി വി.എച്ച്.പി, ബജ്രരംഗ്ദൾ സംഘടനകള്‍ക്ക് ധൈര്യം വന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. രാജ്യത്ത് ക്രൈസ്തവരെ വ്യാപകമായി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നത് സംഘ്പരിവാറുകാരാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 600ല്‍പരം അക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ കൂടുതലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും സുധാകരൻ വ്യക്തമാക്കി.
ഇപ്പോള്‍ ബി.ജെ.പിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിലും ക്രൈസ്തവര്‍ക്കെതിരായ ഭീഷണി ഉയരുകയാണ്. പാലക്കാട്ടെ നല്ലേപ്പിള്ളി സര്‍ക്കാര്‍ യു.പി സ്കൂളില്‍ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും തത്തമംഗലം ജി.ബി യുപി സ്‌കൂളില്‍ പുല്‍ക്കൂട് തകര്‍ത്തും ക്രിസ്തുവിന്റെ തിരുപിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തിയത് സംഘ്പരിവാര്‍ സംഘടനാ നേതാക്കളാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതക്ക് കളങ്കമാണ്. അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഇത്തരം ഹീനപ്രവണതകള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച് കൂട്ടക്കുരുതി നടത്തിയിട്ട് അങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത, സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കാത്ത പ്രധാനമന്ത്രി ഡല്‍ഹിയില്‍ സി.ബി.സി.ഐ ആസ്ഥാനത്തെ ക്രിസ്മമസ് ആഘോഷങ്ങളില്‍ പങ്കെടുത്തത് ബി.ജെ.പിയുടെ രാഷ്ട്രീയ നാടകത്തിലെ അധ്യായം മാത്രമാണ്. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കള്‍ക്ക് പരിഹാരം കാണാതെയാണ് പ്രധാനമന്ത്രി ഇത്തരം ഗിമ്മിക്കുകളില്‍ ഏര്‍പ്പെടുന്നത്. കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കും വൈനുമായി സ്‌നേഹ സന്ദേശയാത്ര നടത്തുന്ന ബി.ജെ.പി നേതാക്കളുടെ ലക്ഷ്യവും രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ്. അത് ക്രൈസ്തവ സഹോദരങ്ങള്‍ തിരിച്ചറിയണം.
വര്‍ഗീയ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ബി.ജെ.പിയെ പോലെ പ്രയോജനപ്പെടുത്താനാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തില്‍ വര്‍ഗീയത ചികയുന്ന എ. വിജയരാഘവനെ പോലുള്ളവരെ സി.പി.എം ന്യായീകരിക്കുന്നതും ആർ.എസ്.എസ് ബന്ധമുള്ള എം.ആര്‍. അജിത് കുമാറിന് ചുവന്ന പരവതാനി വിരിക്കുന്നതും സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ അജണ്ടയായ ന്യൂനപക്ഷ വിരോധം സി.പി.എമ്മും ഒളിച്ചുകടത്തുകയാണ്. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ മതസൗഹാര്‍ദത്തെയും മൈത്രിയെയും ദുര്‍ബലപ്പെടുത്തുകയാണ് വെറുപ്പ് ഉത്പാദിപ്പിക്കുന്ന ബി.ജെ.പിയും അത് വില്‍പന നടത്തുന്ന സി.പി.എമ്മും ചേര്‍ന്ന സഖ്യമെന്നും കെ. സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.