മദ്യവും ഖാദിയുംപോലെ കോൺഗ്രസുകാർ വ്യഭിചാരവും ഉപേക്ഷിക്കണമെന്ന് വി. ജോയ്, നിയമസഭയിൽ ബഹളം
text_fieldsതിരുവനന്തപുരം: കോൺഗ്രസുകാർ മദ്യവും ഖാദിയും ഉപേക്ഷിച്ചതുപോലെ വ്യഭിചാരംകൂടി ഉപേക്ഷിക്കണമെന്ന വിവാദ പരാമർശവുമായി വി. ജോയ് എം.എൽ.എ. ഇതു നിയമസഭയിൽ ബഹളത്തിനു കാരണമായി.
ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു പരാമർശം. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് എം.എൽ.എ ഹോസ്റ്റലിലും മാസ്കറ്റ് ഹോട്ടലിലും ഗെസ്റ്റ് ഹൗസുകളിലും മുന്തിയ ഹോട്ടലുകളിലും വളകിലുക്കമായിരുന്നെന്നും ജോയ് പരിഹസിച്ചു.
ഈ വളകിലുക്കം നടത്തിയവരാണ് ചില വാട്സ്ആപ് ചാറ്റുകളുടെ പേരിൽ വിമർശനവുമായി വരുന്നതെന്നും കുറ്റപ്പെടുത്തി. അപകീർത്തികരമായ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. എന്നാൽ, വിട്ടുകൊടുക്കാൻ ജോയ് തയാറായില്ല. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ മദ്യം ഉൾപ്പെടെ ലഹരിവസ്തുക്കൾക്ക് വിലക്കേർപ്പെടുത്തുകയാണ് ചെയ്തതെന്ന് വിഷ്ണുനാഥ് വാദിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംയോജിത ജി.എസ്.ടി (ഐ.ജി.എസ്.ടി) പിരിവിലെ വീഴ്ചയെ കുറിച്ച അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാതെ സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. റോജി എം. ജോണിന്റേതാണ് നോട്ടീസ്.സംയോജിത ചരക്ക് സേവന നികുതി (ഐ.ജി.എസ്.ടി) സമാഹരിക്കുന്നതില്‍നിന്ന് സംസ്ഥാനത്തിന് അര്‍ഹമായത് നേടിയെടുക്കുന്നതിനും ചോര്‍ച്ച തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ നോട്ടീസ്. ഇതു നേരത്തേ ബജറ്റുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത വിഷയമാണെന്നും അനുവദിക്കാനാവില്ലെന്നും സ്പീക്കർ എ.എൻ. ഷംസീർ നിലപാട് എടുത്തു. ഒരു മാസം നീളുന്ന സമ്മേളനം ധനകാര്യവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചചെയ്യുന്നത്. വേണമെങ്കില്‍ ഉപക്ഷേപമായി അനുവദിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. നേരത്തേ ചര്‍ച്ചചെയ്ത വിഷയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശദീകരിച്ചു. സംസ്ഥാനത്തിന് 25,000 കോടി രൂപ നഷ്ടപ്പെട്ട വിഷയമാണിത്. ഇതുമായി ബന്ധപ്പെട്ട പബ്ലിക് എക്സ്പെന്‍ഡിചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ ഇതുവരെ വെച്ചിട്ടുമില്ല. ചോദ്യങ്ങൾക്കും മറുപടിയില്ല. തങ്ങളുടേതായ രീതിയില്‍ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയം കൊണ്ടുവന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും വി.ഡി. സതീശന് വ്യക്തമാക്കി. എന്നാല്‍, സ്പീക്കര്‍ നിലപാട് മാറ്റിയില്ല.
ശ്രദ്ധക്ഷണിക്കലിനായി കാനത്തില്‍ ജമീലയെ വിളിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രവാക്യം വിളി ആരംഭിച്ചു. സ്പീക്കര്‍ നടപടികളുമായി മുന്നോട്ടുപോയതോടെ പ്രതിപക്ഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. നികുതി ഭരണസംവിധാനം മെച്ചപ്പെടുത്താൻ ഉചിതമായ നിർദേശങ്ങള്‍ മുന്നോട്ടുവെക്കാനാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. അടിയന്തര പ്രമേയത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി സര്‍ക്കാര്‍ ആകെ നാറിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഉപക്ഷേപം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് ഇതിന് മറുപടി പറയാന്‍ പ്രശ്നമില്ലെന്നും സഭാ സമ്മേളനം മുഴുവനും ഇതു ചര്‍ച്ചചെയ്യാന്‍ അവസരമുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലും വിശദീകരിച്ചു. പിന്നാലേ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റൂള്‍സ് ഓഫ് പ്രൊസീജ്യറിലെ ഒരു ചട്ടവും ഉദ്ധരിക്കാതെയാണ് നോട്ടീസ് അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശം സ്പീക്കര്‍ നിഷേധിച്ചത്. ഐ.ജി.എസ്.ടി പൂളിലെ കോടികള്‍ നഷ്ടപ്പെടുത്തിയ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചാൽ സര്‍ക്കാറിന്റെ സമാനതകളില്ലാത്ത കെടുകാര്യസ്ഥതയുടെ തെളിവായി മാറിയേനെ. തുടര്‍ച്ചയായ മൂന്നാം ദിവസവും അപകടത്തിലേക്ക് പോകുമെന്ന് മനസ്സിലാക്കിയാണ് സ്പീക്കറെക്കൊണ്ട് അനുമതി നിഷേധിപ്പിച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സ്പീക്കറോട് ഒരു മുഖ്യമന്ത്രിയും സംസാരിക്കാത്ത ഭാഷയിലാണ് പിണറായി വിജയന് സംസാരിച്ചത്. സ്പീക്കര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി തടസ്സം സൃഷിക്കുകയാണ്. അഞ്ച് വര്‍ഷം ഐ.ജി.എസ്.ടി പൂളില്‍ നഷ്ടമാക്കിയത് 25000 കോടി രൂപയാണ്.
യഥാസമയം വാങ്ങിയെടുത്തില്ലെങ്കില്‍ അവസാനം അത് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ച് പോകും. കേരളത്തിനാണ് ഐ.ജി.എസ്.ടിയില്‍ നിന്ന് ഏറ്റവുമധികം നികുതി കിട്ടേണ്ടത്. ആറ് കോടി രൂപ മുടക്കി ചെക്പോസ്റ്റുകളില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ആര്‍ക്കുവേണമെങ്കിലും ഏത് സാധനവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് നികുതി നല്‍കാതെ വിറ്റഴിക്കാന്‍ പറ്റുന്ന അവസ്ഥയാണ്. 1650 ഫയലുകളില്‍ നിന്നാണ് ഐ.ജി.എസ്.ടിയുടെ 80 ശതമാനവും ലഭിക്കുന്നത്. ഈ ഫയലുകള്‍ എവിടെയാണെന്ന് പോലും അറിയില്ല. കഴിഞ്ഞ രണ്ട് ദിവസവും സഭ സ്തംഭിപ്പിച്ചത് ഭരണപക്ഷാംഗങ്ങളാണ്.
400 ലധികം ചോദ്യങ്ങള്‍ക്കും മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി മറച്ചുെവക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊലി നിറം: സഭയിൽ വീണ്ടും കൊമ്പുകോർത്ത് തിരുവഞ്ചൂരും മണിയും
തിരുവനന്തപുരം: തൊലിയുടെ നിറത്തെ പരാമർശിച്ച് വീണ്ടും നിയമസഭയിൽ കൊമ്പുകോർത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും എം.എം. മണിയും. ആദ്യം സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ, പൊലീസിന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. പിന്നീട് സംസാരിച്ച മണി ഇടതു സർക്കാറിന്റെ ആഭ്യന്തര വകുപ്പിനെ വിമർശിക്കാൻ തിരുവഞ്ചൂരിന് യോഗ്യതയുമില്ലെന്ന് പറഞ്ഞു. തിരുവഞ്ചൂരിന്റെ നിറം ശ്രീകൃഷ്ണന്റേതാണ്. അദ്ദേഹം ശ്രീകൃഷ്ണന്റെ പണിയാണ് എടുക്കുന്നതെന്നും മണി പറഞ്ഞു.തന്റെ നിറത്തെക്കുറിച്ച മണിയുടെ പരാമർശത്തിൽ പരാതിയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. അദ്ദേഹം എന്നെക്കാളും വെളുത്തതാണല്ലോയെന്ന് പരിഹസിക്കുകയും ചെയ്തു. മുമ്പും സഭയിൽ എം.എം. മണിയും തിരുവഞ്ചൂരും ഇത്തരം പരാമർശം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.