സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഗുരുതരവീഴ്ച
text_fieldsതിരുവനന്തപുരം: സി.പി.ഒ റാങ്ക് ലിസ്റ്റ് തയാറാക്കിയതിൽ പി.എസ്.സിക്ക് ഗുരുതരവീഴ്ച്ച. ശാരീരിക പരിശോധനയിൽ പരാജയപ്പെട്ട 12 ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി. തെറ്റ് കണ്ടെത്തിയതോടെ 12 പേരെയും മൂന്ന് മാസത്തിന് ശേഷം പുറത്താക്കി പി.എസ്.സി വിജ്ഞാപനമിറക്കി. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് കേരള പബ്ലിക് സർവിസ് കമീഷൻ.
കായികക്ഷമത പരീക്ഷയിൽ ആദ്യം ഉദ്യോഗാർഥിയുടെ ശാരീരിക അളവെടുപ്പും പിന്നീട് കായികക്ഷമത പരീക്ഷയുമാണ് നടത്തുന്നത്. ശാരീരിക അളവെടുപ്പിൽ ചെറിയ കുറവുകൾ മാത്രമാണെങ്കിൽ അത്തരം ഉദ്യോഗാർഥിയെ കായികക്ഷമത പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കാറുണ്ട്. കായികക്ഷമത പരീക്ഷയിലെ കായിക ഇനങ്ങൾ ഇവർ വിജയിക്കുകയാണെങ്കിൽ മാത്രം ശാരീരിക അളവെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾക്ക് പി.എസ്.സിക്ക് അപ്പീൽ നൽകാം. അപ്പീലിന്റെ അടിസ്ഥാനത്തിൽ കായികക്ഷമത പരീക്ഷ പാസായവർക്ക് മാത്രമായി പി.എസ്.സി പുനരളവെടുപ്പ് നടത്തും.
ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ശാരീരിക അളവെടുപ്പിൽ പരാജയപ്പെടുകയും എന്നാൽ കായികപരീക്ഷകളിൽ വിജയിക്കുകയും ചെയ്ത 72 ഉദ്യോഗാർഥികളാണ് പി.എസ്.സിക്ക് അപ്പീൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി അംഗത്തിന്റെ മേൽനോട്ടത്തിൽ പി.എസ്.സി ആസ്ഥാനത്ത് ഫിസിക്കൽ എജുക്കേഷൻ അധ്യാപകന്റെ നേതൃത്വത്തിലാണ് പുനരളവെടുപ്പ് നടന്നത്. അളവെടുപ്പിൽ 37 പേർ വിജയിക്കുകയും 35 പേർ പരാജയപ്പെടുകയും ചെയ്തു. മെഷർമെന്റ് ഷീറ്റിലടക്കം ഈ വിവരങ്ങൾ രേഖപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്ന സെക്ഷനിലേക്ക് വിവരങ്ങൾ കൈമാറിയെങ്കിലും പരാജയപ്പെട്ട 35 പേരിൽ 12 പേർ അന്തിമ റാങ്ക് ലിസ്റ്റിൽ കയറിക്കൂടുകയായിരുന്നു. ഗുരുതര പിശക് പി.എസ്.സിയുടെ തന്നെ റാങ്ക് ലിസ്റ്റ് പരിശോധനസംഘം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് റാങ്ക് ലിസ്റ്റിൽനിന്ന് 12 പേരെയും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ഉദ്യോഗാർഥികളുടെ മറുപടിക്കനുസൃതമായി ജൂലൈ രണ്ടിന് തിരുത്തൽ വിജ്ഞാപനം പുറത്തിറക്കി കഴിഞ്ഞ ദിവസം 12 പേരെയും ഒഴിവാക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിശദീകരണം തേടിയുണ്ടെന്നും ഇവർക്കെതിരെ കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും പി.എസ്.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.