സമരം കടുപ്പിച്ച് സി.പി.ഒ റാങ്ക് പട്ടികയിലുള്ളവർ
text_fieldsതിരുവനന്തപുരം: തലമുണ്ഡനം ചെയ്തും പ്രതീകാത്മകമായി വെള്ളപുതച്ചും ശവമഞ്ചം ചുമന്നും കല്ലുപ്പിനുമീതേ മുട്ടുകുത്തിയിരുന്നും സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം കടുപ്പിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് സമരക്കാരിൽ ആറുപേരാണ് തല മുണ്ഡനം ചെയ്തത്.
വെള്ളപുതച്ചുകിടത്തി റീത്ത് വെക്കുകയും ശവമഞ്ചം ചുമന്ന് സമരഗേറ്റിനു മുന്നിൽ ‘പൊതുദർശനത്തിന്’ വെക്കുകയും വിളക്കുകത്തിച്ച് പ്രതീകാത്മകമായി സംസ്കാരം നടത്തുകയും ചെയ്തു. വൈകീട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതീകാത്മകമായി ഓട്ടപ്പരിശീലനവും നടന്നു.
സർക്കാർ ചർച്ചക്ക് തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ കടുത്ത സമരമാർഗങ്ങളിലേക്ക് കടന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ആക്ഷേപത്തോടുകൂടിയുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സമരം ശക്തമായതോടെ യൂത്ത് കോൺഗ്രസ്, ആം ആദ്മി, എ.ഐ.വൈ.എഫ് സംഘടനകൾ പിന്തുണയുമായി രംഗത്തുവന്നു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നും റാങ്ക് ലിസ്റ്റിെൻറ കാലാവധി നീട്ടണമെന്നുമുള്ള ആവശ്യം സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഉദ്യോഗാർഥികൾ. മന്ത്രിമാരെയും എം.എൽ.എമാരെയും വിവരം ധരിപ്പിച്ചിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചില്ല. സർക്കാർ നിസ്സംഗത തുടരുന്നതിനാൽ അടുത്തഘട്ടമായി നിരാഹാര സമരം ആരംഭിക്കും. ആറ്റുകാൽ പൊങ്കാല ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പൊങ്കാലയിടാനും ആലോചനയുണ്ട്.
13,975 പേർ ഏഴ് ബറ്റാലിയനുകളിൽനിന്നായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 3019 മാത്രമാണ്. 2021 ഏപ്രിലിലാണ് പ്രാഥമിക പരീക്ഷ നടന്നത്. 2022 മാർച്ചിൽ പ്രധാന പരീക്ഷയും ഒക്ടോബർ, നവംബർ മാസങ്ങളിൽ കായികക്ഷമത പരീക്ഷയും നടന്നു. 2023 ഏപ്രിൽ 13നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. റാങ്ക് ലിസ്റ്റിെൻറ കാലാവധി അവസാനിക്കാനിരിക്കെ, ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യാൻ നടപടിയില്ലെന്നാണ് സമരക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.