സി.പി.ഒ റാങ്ക് ലിസ്റ്റ്: സമരം നിർത്തി; നിയമപോരാട്ടം തുടരും
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ രണ്ടു മാസത്തിലേറെ നീണ്ട സമരം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും നിയമപോരാട്ടം തുടരുമെന്ന് സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്. സർക്കാറും പി.എസ്.സിയും ക്രൂരമായ സമീപനമാണ് സ്വീകരിച്ചതെന്നും ഒഴിവുകളുണ്ടായിട്ടും നിയമനം നൽകിയില്ലെന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം നിർത്തിവെച്ചത്. സർക്കാർ വാക്ക് പാലിച്ചില്ലെന്നും നികൃഷ്ട ജീവികളോട് കാട്ടുന്ന സമീപനമാണ് ഉണ്ടായതെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. നിയമനവുമായി ബന്ധപ്പെട്ട് നവകേരള സദസ്സിൽ നൽകിയ പരാതികളുടെ സ്ലിപ്പുകൾ സമരം അവസാനിപ്പിക്കുന്നതിനു മുമ്പായി കൂട്ടിയിട്ട് കത്തിച്ചു. 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമന ശിപാർശ ലഭിച്ചത് 4454 പേർക്കാണ്.
റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതോടെ ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. പുല്ലുതിന്നും മുട്ടിൽ ഇഴഞ്ഞും തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്കാരം നടത്തിയും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തിരുന്നു. നിരാഹാരം കിടന്നിട്ടും സർക്കാറിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. പ്രതികൂല കാലാവസ്ഥയിലും തുടർന്ന സരമത്തിനൊടുവിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇത്രയും നാൾ തലസ്ഥാനത്ത് തമ്പടിച്ച വിവിധ ജില്ലകളിൽനിന്നെത്തിയവർ നിരാശയോടെയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.