ബലിയിടാൻ പോയ വിദ്യാർഥിയിൽനിന്ന് 2000 രൂപ പിഴയടപ്പിച്ച് രസീതിൽ 500 എഴുതിയ പൊലീസുകാരന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ശ്രീകാര്യത്ത് പിതൃതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രത്തിലേക്കുപോയ വിദ്യാർഥിയെയും അമ്മയെയും പൊലീസ് തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയശേഷം 500 രൂപയുടെ രസീത് നൽകിയ സംഭവത്തിൽ സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെയാണ് സസ്പെൻഡ് ചെയ്തത്. സി.ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു.
ശ്രീകാര്യം വെഞ്ചാവോട് ശബരിനഗറിലെ നവീനിന്‍റെ (19) പരാതി പ്രകാരമാണ് നടപടി. കർക്കടവാവ് പിതൃതർപ്പണം നടത്താൻ നവീനും അമ്മയും ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നു. ബലിയിടാനായി കാറിൽ പോയ ഇരുവരെയും ശ്രീകാര്യം മാർക്കറ്റിനു സമീപത്തുവെച്ച് പൊലീസ് തടഞ്ഞു. ബലിയിടാൻ പോകുകയാണെന്നു പറഞ്ഞപ്പോള്‍ ബലിയിടേണ്ടെന്നും തിരിച്ചു പോകാനും നിര്‍ദേശിച്ചു.
കാർ പിന്നിലേക്കെടുത്തപ്പോൾ പൊലീസുകാരനെത്തി 2000 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടു. ഇരുവരെയും ശ്രീകാര്യം സ്റ്റേഷനിലേക്കു കൊണ്ടുപോയി 2000 രൂപ വാങ്ങിയശേഷം 500 രൂപയുടെ രസീത് നൽകുകയും ചെയ്തു. തുടർന്നാണ് നവീൻ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. അതേസമയം, രസീത് എഴുതിയതിൽ പിഴവ് സംഭവിച്ചെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിഴവ് മനസിലായതോടെ നവീനെ ഫോണിൽ ബന്ധപ്പെട്ടെന്നും നവീൻ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് നേരത്തെ ടോക്കണെടുത്താണ് ക്ഷേത്രത്തിൽ പോയതെന്നും എന്നാല്‍, ഒരിക്കൽ പോലും സത്യവാങ്മൂലമുണ്ടോ എന്ന് പൊലീസ് ചോദിച്ചില്ലെന്നും പിഴയീടാക്കുകയായിരുന്നെന്നുമാണ് നവീൻ പ്രതികരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.