പടക്കശാല സ്ഫോടനം; മരിച്ചവരിൽ മലയാളി ഉൾപ്പെടെ രണ്ടുപേരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ മൂന്നു പേരുടെ ജീവനെടുത്ത പടക്ക നിർമാണശാല അഗ്നിരക്ഷാസേന വിഭാഗം ഡി.ഐ.ജി രവി ഡി. ചണ്ണന്നവർ ചൊവ്വാഴ്ച സന്ദർശിച്ചു. മരിച്ച മൂന്നുപേരിൽ മലയാളി ഉൾപ്പെടെ രണ്ടാളുകളുടെ മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
സ്ഫോടന ആഘാതത്തിൽ 70 മീറ്റർ വരെ അകലത്തിൽ ചിതറിത്തെറിച്ചതിനാൽ രണ്ട് മൃതദേഹങ്ങളുടെ തിരിച്ചറിയാനാവുന്ന ഭാഗങ്ങൾ ശേഷിക്കുന്നില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി മരിച്ച എ. സ്വാമി എന്ന കുഞ്ഞി എന്ന നാരായണയുടെ (55) മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
മലയാളിയായ എം. വർഗീസ്, ഹാസൻ അർസിക്കരയിലെ ചേതൻ എന്നിവരുടേതാണോ മറ്റു രണ്ട് മൃതദേഹങ്ങൾ എന്നറിയാനാണ് ഡി.എൻ.എ പരിശോധന.
സോളിഡ് ഫയർ വർക്സ് ഫാക്ടറി പടക്കനിർമാണ ലൈസൻസുള്ള സ്ഥാപനമാണെന്ന് ഡി.ഐ.ജി പറഞ്ഞു. എന്നാൽ 15 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് അനുമതിയെങ്കിലും 100 കിലോഗ്രാം ശേഖരം കണ്ടെത്തി. ജലാറ്റിൻ സാന്നിധ്യം ഇല്ല. പൊട്ടാസ്യം ക്ലോറൈഡിന്റേയോ പൊട്ടാസ്യം നൈട്രേറ്റിന്റേയോ സമ്മർദം സ്ഫോടനത്തിന് കാരണമാവാം എന്നാണ് മംഗളൂരു മേഖല ഫോറൻസിക് ലബോറട്ടറി സീനിയർ സയിന്റിഫിക് ഓഫിസർ ഡോ. കെ.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘത്തിന്റെ നിഗമനം.
85 സാമ്പിളുകൾ സംഭവസ്ഥലത്തുനിന്ന് സംഘം ശേഖരിച്ചു.വേനൂർ റോഡിൽ ഗോളിയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഫാക്ടറി ഉടമ സെയ്ദ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൈസൂരുവിൽ നിന്ന് വൻതോതിൽ പടക്കം എത്തിക്കാൻ ലഭിച്ച ഓർഡർ അനുസരിച്ച് തിരക്കിട്ട് നിർമ്മാണം നടത്തിയതും അപകടത്തിൽ കലാശിച്ചെന്ന് പൊലീസ് പറഞ്ഞു.
ഉടമയുൾപ്പെടെ രണ്ടുപേർ റിമാൻഡിൽ
മംഗളൂരു: ബെൽത്തങ്ങാടി പടക്കം നിർമാണശാലയിൽ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമയുൾപ്പെടെ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. ഉടമ സെയ്ദ് ബഷീർ, പടക്കം ഓർഡറുകൾ സ്വീകരിച്ച് വിതരണം ചെയ്യുന്ന ടി. കിരൺ എന്നിവരെയാണ് ബെൽത്തങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
വർഷങ്ങളായി പ്രവർത്തിക്കുന്ന സോളിഡ് ഫയർ വർക്സിന് മൈസൂരുവിലെ ക്ഷേത്രോത്സവ ആവശ്യങ്ങൾക്കുള്ള വൻ ഓർഡർ കിരണാണ് സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൃത്യമായ വിവരങ്ങളടക്കം അറിയാനുള്ളതിനാൽ ഉടമയെയും കൂട്ടാളിയെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് അപേക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.