ക്രെയിൻ നിയന്ത്രണംവിട്ടു; ഇരുചക്ര വാഹനങ്ങളും വൈദ്യുതി തൂണുകളും തകർന്നു
text_fieldsമാവൂർ: ക്രെയിൻ നിയന്ത്രണംവിട്ട് മൂന്ന് ഇരുചക്ര വാഹനങ്ങളും വൈദ്യൂതി തൂണുകളും തകർന്നു. രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ക്രെയിൻ ഓപറേറ്ററുടെ സഹായി കോട്ടയം സ്വദേശി ബ്ലസൻറിനെ (24) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രെയിൻ വരുന്നതുകണ്ട് ഓടിമാറുന്നതിനിടെ വീണ് സ്കൂട്ടർ യാത്രക്കാരൻ മാവൂർ കമ്പളത്ത് അഭിന്‍ (23) നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ മാവൂർ-കോഴിക്കോട് മെയിൻ റോഡിൽ മാവൂർ പെട്രോൾ പമ്പിനുസമീപത്താണ് അപകടം. കൂളിമാട് പാലം പണിക്കുകൊണ്ടുവന്ന ക്രെയിൻ കോഴിക്കോട്ടേക്ക് തിരിച്ചുപോവുകയായിരുന്നു.
പഴയ ദീദ ടാക്കീസിനുമുന്നിലെ ഇറക്കത്തിൽ നിയന്ത്രണംവിട്ട ക്രെയിൻ 100 മീറ്ററിലധികം മുന്നോട്ടുനീങ്ങി മാവൂർ പെട്രോൾ പമ്പും കടന്ന് റോഡരികിൽ കെട്ടിടത്തിെൻറ മുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ടൈൽ കടയുടെ മുന്നിലെ വൈദ്യുതി തൂണും മറ്റും തകർത്ത് ഇവിടെ നിർത്തിയിട്ട മൂന്ന് ഇരുചക്ര വാഹനങ്ങളിൽ കയറിയാണ് നിന്നത്. സ്ഥലത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു. ക്രെയിനിന് അടിയിൽപെട്ട് അഭിെൻറ സ്കൂട്ടറും ടൈൽ കട ഉടമയുടെ ബുള്ളറ്റും പൂർണമായി തകർന്നു. മറ്റൊരു ബുള്ളറ്റിനും സാരമായ കേടുപാടുപറ്റി.
വഴിയിലുണ്ടായിരുന്ന ടിപ്പർ ലോറിയിലും ഇടിച്ചിട്ടുണ്ട്. റൂട്ടിൽ ഏറെനേരം ഗതാഗതം മുടങ്ങി. വൈദ്യുതി ബന്ധവും താറുമാറായി. ബ്രേക്ക് നഷ്ടഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. മാവൂർ പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.