ക്രേസ് ബിസ്കറ്റ്സ് വ്യവസായ മേഖലയ്ക്ക് നല്‍കുന്നത് പുത്തന്‍ ഊര്‍ജം -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: ക്രേസ് ബിസ്കറ്റ്സ് കേരളത്തിന്‍റെ വ്യവസായ മേഖലക്ക് നല്‍കുന്നത് പുത്തന്‍ ഊർജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ക്രേസ് ബിസ്ക്കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ നിന്നും ആഗോള നിലവാരത്തിലുള്ള ഒരു ബ്രാൻഡ് ഉത്പാദിപ്പിക്കപ്പെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. കേരളം വലിയ തോതിൽ മാറി എന്നത് വസ്തുതാപരമായ കാര്യമാണെന്നതിന്‍റെ തെളിവാണ് ക്രേസ് ബിസ്കറ്റ്സെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ച ബിസ്കറ്റ് കമ്പനിയാണ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നത്. ക്രേസ് ബിസ്കറ്റ്സിനെ മെയ്ഡ് ഇൻ കേരള എന്ന നിലയ്ക്കാണ് ദേശീയ-അന്തർദേശീയ വിപണിയിൽ മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നത് ശ്ലാഘനീയമാണ്. വ്യവസായത്തിന് അനുകൂലമായ ഘടകങ്ങൾ പ്രത്യേകമെടുത്ത് പരിശോധിച്ചാൽ അതിലെല്ലാം നമ്മുടെ നാട് ഇപ്പോൾ എത്രയോ മുന്നിലാണ്. പക്ഷേ ഭൂമി കൂടുതലായില്ല. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ നാമിപ്പോൾ പതിനഞ്ചാമതാണ്. അത് കൂടുതൽ മുന്നേറാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബിസ്ക്കറ്റ് കഴിക്കുന്നവരുടെ നാട് ഇന്ത്യയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ന് കേരളത്തില്‍ 50 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായമാണെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് ഒരു അനുമതിയുമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന നിയമം കേരളം പാസാക്കിയിട്ടുണ്ട്. 1,06,380 പുതിയ സംരംഭങ്ങള്‍ എട്ടു മാസത്തിനുള്ളില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട് -പി. രാജീവ് പറഞ്ഞു.
ആഗോള ബ്രാന്‍ഡ് കേരളത്തില്‍ നിന്നുണ്ടാകുന്നത് വലിയ അംഗീകാരമാണെന്ന് ക്രേസ് ബിസ്ക്കറ്റ്സിന്‍റെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷൻ ഉദ്ഘാടനം ചെയ്തു. എം.കെ രാഘവന്‍ എം പി, കെ.എം സച്ചിന്‍ ദേവ് എം.എല്‍എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, വ്യവസായ-വിദ്യാഭ്യാസ-റവന്യൂ (വഖഫ്) പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ് ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ, ക്രേസ് ബിസ്കറ്റ്സ് ചെയർമാൻ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി.എ ശ്രീകുമാർ, പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണന്‍, വാര്‍ഡ് അംഗം റംല വെട്ടത്ത്, അഹമ്മദ് കോയ ഹാജി, ക്രേസ് ബിസ്ക്കറ്റ്സ് ഡയറക്ടർമാരായ ഫസീല അസീസ്, അലി സിയാൻ, സമിൻ അബ്ദുൽ അസീസ്, ആമിന സില്ല, സി.എഫ്.ഒ പ്രശാന്ത് മോഹൻ തുടങ്ങിയവര്‍ പങ്കെടുത്തു.
ജി.സി.സി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫാക്ടറി. കാരമല്‍ ഫിംഗേഴ്‌സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മില്‍ക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറോ, ചോക്കോ ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.