മരിച്ചെന്നു കരുതി സംസ്കരിച്ചു; യുവാവ് മാസങ്ങൾക്കുശേഷം തിരിച്ചെത്തി
text_fieldsപന്തളം: മരിച്ചെന്ന് കരുതി സംസ്കരിക്കപ്പെട്ടയാൾ മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി. കുടശ്ശനാട് വിളയിൽകിഴക്കേതിൽ പരേതനായ കുഞ്ഞുമോെൻറയും അമ്മിണിയുടെയും മകൻ സക്കായി എന്ന വി.കെ. സാബുവാണ് (35) ജീവനോടെ തിരിച്ചെത്തിയത്.
കഴിഞ്ഞ ഡിസംബർ 25ന് പുലർച്ച പാല ഭരണങ്ങാനം ഇടപ്പാടിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചിരുന്നു. ഫോട്ടോ കണ്ട് സംശയിച്ച സാബുവിന്റെ സഹോദരനും ബന്ധുക്കളും പാലാ പൊലീസുമായി ബന്ധപ്പെട്ട് മൃതദേഹം സാബുവിന്റെതാണെന്ന് തീർച്ചപ്പെടുത്തി.
മരിച്ചത് സാബുവല്ലെന്ന സംശയം അന്ന് ഭാര്യ പ്രകടിപ്പിച്ചിരുന്നെങ്കിലും അമ്മയും സഹോദരനുമുൾപ്പെടെ തറപ്പിച്ചു പറഞ്ഞു. തുടർന്ന് മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിയിൽ സൂക്ഷിച്ചു. വിദേശത്തുള്ള സഹോദരന്മാർ എത്തിച്ചേർന്ന് അവരും തിരിച്ചറിഞ്ഞ ശേഷം 30ന് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിന് സുഹൃത്തായ ഡ്രൈവർ മുരളീധരൻ നായരെ കാണാൻ കായംകുളം സ്വകാര്യ ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സാബു ജീവനോടെയുണ്ടെന്നറിയുന്നത്. തിരുവനന്തപുരത്ത് ആശുപത്രി കാൻറീനിൽ ജോലിയാണെന്നും ഫോൺ കേടായതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും തെൻറ മരണവും സംസ്കാരവുമൊന്നും അറിഞ്ഞില്ലെന്നും സാബു പറഞ്ഞു. സാബുവിനെ കണ്ടെത്തിയ വിവരം അറിയിച്ച് ഒരു വിഡിയോ മുരളീധരൻ നായർ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു. ഇതു കണ്ട ശരത് എന്ന സുഹൃത്ത് സാബുവിെൻറ ബന്ധുക്കളെ ബന്ധപ്പെട്ടു. തുടർന്ന് പന്തളം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
നവംബർ 20ന് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ജോലി ചെയ്തിരുന്ന ഹോട്ടൽ ഉടമയുടെ 46,000 രൂപ മോഷ്ടിച്ചു കടന്ന കേസിൽ സാബുവിനെ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇയാളെ തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസ് സംഘത്തിന് കൈമാറി.
അപകട മരണവാർത്ത പത്രത്തിൽ കണ്ട് ഝാർഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തിൽ അവിടെനിന്നും അന്വേഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഡി.എൻ.എ പരിശോധനക്കായി രക്തം ശേഖരിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് തുടരന്വേഷണത്തിനായി പാലാ പൊലീസ് ഉടൻ പന്തളത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.