പള്ളി കമ്മിറ്റിയുടെ എതിർപ്പ്; കോവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ സംസ്കാരം വൈകുന്നു
text_fieldsതൃശൂർ: കോവിഡ് ബാധിച്ച് മരിച്ച നോർത്ത് ചാലക്കുടി കോമ്പാറക്കാരൻ ഡിന്നി ചാക്കോയുടെ (41) മൃതദേഹം സംസ്കരിക്കുന്നത് വൈകുന്നു. ക്രിസ്തീയ ആചാരപ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാൽ, തച്ചുടപറമ്പ് സെൻറ് സെബാസ്റ്റ്യൻസ് പള്ളി കമ്മിറ്റി ഇതിന് അനുവാദം നിഷേധിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കലക്ടറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. പള്ളി ഭാരവാഹികളും വൈദികരും ബന്ധുക്കളും ഇതിൽ പെങ്കടുക്കുമെന്നാണ് അറിയുന്നത്. കലക്ടർ പള്ളി സന്ദർശിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞദിവസം ഇദ്ദേഹത്തിെൻറ പിതാവ് സെമിത്തേരിയിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികാരികൾക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ, കോവിഡ് പ്രോട്ടോകോൾ പ്രകാരം12 അടി താഴ്ചയിൽ കുഴിയെടുത്ത് സംസ്കരിക്കാൻ കഴിയില്ലെന്നാണ് പള്ളി വികാരി അറിയിച്ചത്. അഞ്ചടിയിൽ കൂടുതൽ താഴ്ത്തിയാൽ വെള്ളം ലഭിക്കുമെന്നതാണ് പ്രശ്നം. നിലവിൽ അറകളിൽ സംസ്കരിക്കുന്ന രീതിയാണ് ഇവിടെയുള്ളത്.
ആരോഗ്യവകുപ്പിെൻറ ഉറപ്പ് ലഭിക്കുകയാണെങ്കിൽ മാത്രമേ അടക്കൂവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പള്ളി ഭാരവാഹികളും നാട്ടുകാരും ബന്ധുക്കളും പങ്കെടുത്ത യോഗത്തിൽ ഇതിനെതിരെ എതിർപ്പ് ഉയർന്നു. പ്രളയത്തിൽ വെള്ളം കയറുന്ന പ്രദേശമായതിനാൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. ചാലക്കുടി നഗരസഭക്ക് കീഴിലെ ശ്മശാനത്തിൽ സംസ്കരിച്ച് പള്ളിയിൽ ചടങ്ങുകൾ നടത്താമെന്ന നിർദേശവും ഉയർന്നിരുന്നു. എന്നാൽ, ക്രിസ്തീയ ആചാരപ്രകാരം തന്നെ സംസ്കരിക്കണമെന്നാണ് കുടുംബങ്ങളുംടെ ആവശ്യം.
തിങ്കളാഴ്ച തൃശൂർ മെഡിക്കൽ കോളജിൽവെച്ചാണ് ഡിന്നി ചാക്കോ മരിച്ചത്. മേയ് 12ന് മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. 16ന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ച ഡിന്നിയുടെ ഭാര്യയും മകനും രോഗമുക്തി നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.