അഭയകേസ്: കള്ളസാക്ഷി പറയാനാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ക്രൂരമായി മർദിച്ചെന്ന് സാക്ഷി
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്താനായി കള്ളസാക്ഷി പറയാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിളിെൻറ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിെച്ചന്ന് 26ാം സാക്ഷി ഷമീർ സി.ബി.ഐ പ്രത്യേക കോടതിയിൽ മൊഴി നൽകി. ക്രൈംബ്രാഞ്ച് സംഘം ആറുദിവസം നിയമവിരുദ്ധമായി കസ്റ്റഡിയിൽ െവച്ച് അതിക്രൂരമായി തന്നെയും സഹോദരൻ റിയാസിനെയും മർദിച്ചുവെന്നും മൊഴി നൽകി.
ക്രൈംബ്രാഞ്ച് എസ്.പി മൈക്കിൾ, ഡിവൈ.എസ്.പി തമ്പാൻ, ഹെഡ് കോൺസ്റ്റബിൾ ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനം. തെൻറ ആക്രിക്കടയിലെ ചെമ്പുകമ്പികൾ ഉൾപ്പെടെ ആക്രിസാധനങ്ങൾ ക്രൈംബ്രാഞ്ച് വാങ്ങി.
അടയ്ക്ക രാജു ഇത് മോഷ്ടിച്ചതാണെന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കള്ളക്കേസുണ്ടാക്കി. 28 കേസുകളിൽ തന്നെ സാക്ഷിയാക്കി െവച്ചെങ്കിലും 25 കേസുകളും കള്ളക്കേസാണെന്ന് താൻ കോടതിയിൽ പറഞ്ഞതോടെ അടയ്ക്ക രാജുവിനെ ഇൗ കേസുകളിൽ വെറുതെ വിടുകയും മൂന്നു കേസുകളിൽ മാത്രം ശിക്ഷിക്കുകയും ചെയ്തുവെന്ന് ഷമീർ മൊഴി നൽകി.
ഷമീർ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയെങ്കിലും 21ാം സാക്ഷി നിഷാറാണി കൂറുമാറി. മഠത്തിലെ അന്തേവാസിയായിരുന്ന താൻ രണ്ടാം പ്രതി സെഫിയെ എല്ലാ സമയങ്ങളിലും വളരെ സന്തോഷത്തോടെ കാണുമായിരുന്നുവെന്നും എന്നാൽ, അഭയ കൊല്ലപ്പെട്ട ദിവസം അവർ ദേഷ്യത്തോടെയാണ് പെരുമാറിയതെന്നുമാണ് നിഷാറാണി സി.ബി.ഐക്ക് നൽകിയിരുന്ന മൊഴി. എന്നാൽ, ഇത് കോടതിയിൽ നിഷേധിച്ചു. പ്രാർഥനക്കായി വൈദികർ മഠത്തിൽ പലപ്പോഴും വരാറുണ്ടായിരുന്നെന്ന മൊഴിയും നിഷ തിരുത്തി.
അഭയ കേസിൽ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് നിഷാറാണി. ഇതിന് മുമ്പ് കേസിലെ ഒന്നാം സാക്ഷി അനുപമ, സഞ്ജു പി. മാത്യു എന്നിവരാണ് കൂറുമാറിയത്. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.