ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്: വക്കീൽ ഫീസായി നൽകിയത് 70 ലക്ഷം
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ മറവിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസ് നടത്തിപ്പിന് വക്കീൽ ഫീസായി നൽകിയത് 70 ലക്ഷം രൂപ. സ്വർണക്കടത്ത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് തുക ചെലവിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നത് കേട്ടു എന്ന രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഹൈകോടതിയെ സമീപിച്ചപ്പോൾ സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ ഹരിൻ പി. റാവലിന് ഫീസിനത്തിലാണ് 70 ലക്ഷം നൽകിയത്.
ക്രൈംബ്രാഞ്ച് എടുത്ത കേസ് ഹൈകോടതി കഴിഞ്ഞ ഏപ്രിലിൽ റദ്ദാക്കിയിരുന്നു. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം അഡ്വക്കറ്റ് ജനറൽ ഓഫിസ് നൽകിയ മറുപടിയിലാണ് ഫീസ് സംബന്ധിച്ച വിശദാംശങ്ങളുള്ളത്.
യാത്രച്ചെലവ്, താമസം എന്നിവക്ക് മറ്റുചെലവൊന്നും ഉണ്ടായിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. അതേസമയം, നിയമസഭ കൈയാങ്കളി കേസ് റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സർക്കാറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകന് നൽകിയ ഫീസുമായി ബന്ധപ്പെട്ട ബില്ലുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് ലഭിച്ച മറുപടിയിൽ പറയുന്നു.
ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് വിവിധ കേസുകൾക്ക് പുറമെനിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിന് 17.86 കോടി ചെലവിട്ടത് വിവാദമായിരുന്നു. ഇതിനുശേഷവും വൻ തുക ചെലവിട്ട് പുറമെനിന്ന് അഭിഭാഷകരെ എത്തിക്കുന്നത് തുടരുകയാണ്.
സർക്കാർ അഭിഭാഷകർക്കായി 1.54 കോടിയോളം രൂപ പ്രതിമാസം ശമ്പളം നൽകുമ്പോഴാണ് കോടികളുടെ ധൂർത്ത് നടക്കുന്നതെന്ന ആക്ഷേപമാണ് ഇതോടെ ബലപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹാജരായ പുറമെനിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ 12.17 കോടിയാണ് ചെലവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.