നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൻെറ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സംഭവത്തിൽ കലക്ടർ ഇന്ന് സർക്കാറിന് റിപ്പോർട്ട് കൈമാറും.
ഈ മാസം 22നാണ് സംഭവം. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. കുടുംബത്തെ ഒഴിക്കാൻ പൊലീസ് എത്തിയപ്പോൾ പിന്തിരിപ്പിക്കാനായി രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജൻെറ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീപടർന്നത്. രാജൻ (45), ഭാര്യ അമ്പിളി (36) എന്നിവരാണ് മരിച്ചത്.
അതേസമയം, അമ്പിളിയുടെ മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ച കണ്ടാലറിയുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ച രാജനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം ആത്മഹത്യ തന്നെയാണെന്നാണ് വനിതാ കമ്മീഷൻ പറഞ്ഞത്. പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിച്ചത് ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചു തന്നെയാണ്, വിഷയം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം അന്വേഷിക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞിരുന്നു.
ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ പരിശോധന തുടങ്ങിയിട്ടുണ്ട്. മരിച്ച ദമ്പതികളുടെ മക്കൾക്ക് ഈ ഭൂമി തന്നെ നൽകണമെന്ന ആവശ്യം ശക്തമാകുകയും ഭൂമി തൻറേതാണെന്ന അവകാശവാദത്തിൽ സമീപവാസി വസന്ത ഉറച്ചുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാറിൻെറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.