ജൂസിൽ രാസവസ്തു കൊടുത്ത് കൊല്ലാൻ ശ്രമം, ഇടതുകണ്ണിന്‍റെ കാഴ്ച കുറഞ്ഞു; സരിതയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsതിരുവനന്തപുരം: ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് സോളാർ കേസ് പ്രതി സരിത എസ്. നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻ ഡ്രൈവർ വിനുകുമാറിനെതിരെയാണ് അന്വേഷണം.
നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വിനുകുമാറിന്റെ വീട്ടിൽ പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടർമാരിൽനിന്ന് വിവരം ശേഖരിച്ചു. വിനുകുമാറിന്റെ ഫോൺ രേഖകളും അന്വേഷണസംഘം ശേഖരിച്ചു. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ ബോർഡ് രൂപവത്കരിക്കുന്നതിന് ശിപാർശ നൽകും.
രാസവസ്തു കഴിച്ചതിനെതുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുണ്ടായ സരിതയുടെ ഇടതുകണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതുകാലിനും സ്വാധീനക്കുറവുണ്ടായി. കീമോതെറപ്പിക്ക് വിധേയയായതായും മുടി പൂർണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതുകണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികിത്സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതുകാലിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണെന്നും സരിത പറയുന്നു.
രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നാണ് സരിത പറയുന്നത്. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായും അവർ പറയുന്നു.
പരാതിക്കാരിയെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനുകുമാർ ഗൂഢാലോചന നടത്തിയതായി എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരിക്ക് മരണംവരെ സംഭവിക്കാവുന്നതരത്തിൽ രാസപദാർഥങ്ങൾ നൽകിയെന്നും ഇതിലുണ്ട്. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം കൊലപാതകശ്രമം, വഞ്ചന, ഗൂഢാലോചന, സംഘടിതമായ ഗൂഢാലോചന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത ആരോപിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.
എന്നാൽ, അതിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല. 2022 ജനുവരി മൂന്നിന് യാത്രക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽവെച്ച് വിനുകുമാർ രാസവസ്തു കലർത്തുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്ന് ചോദിച്ച് വിനുകുമാർ ബഹളമുണ്ടാക്കിയപ്പോൾ പിറ്റേന്ന് മുതൽ ജോലിക്ക് വരേണ്ടെന്ന് വിനുകുമാറിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.