പുരാവസ്തു തട്ടിപ്പ്; ഐ.ജി ലക്ഷ്മണിനും എബിൻ എബ്രഹാമിനും ക്രൈംബ്രാഞ്ച് നോട്ടീസ്
text_fieldsകൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം, ഐ.ജി ജി. ലക്ഷ്മൺ എന്നിവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കേസിലെ അഞ്ചാം പ്രതി എബിനോട് എട്ടിനും മൂന്നാം പ്രതി ലക്ഷ്മണിനോട് 11നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മോൻസൺ മാവുങ്കലിനെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവരാണ് മറ്റ് പ്രതികൾ.
കഴിഞ്ഞ ദിവസമാണ് എബിനെ അഞ്ചാം പ്രതിയാക്കി എ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയത്. മോൻസണിന്റെ ജീവനക്കാരുടെ അക്കൗണ്ടിൽനിന്ന് എബിെൻറ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടോ എന്നതടക്കം ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. 25 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്നാണ് പരാതിക്കാരുടെ ആരോപണം.
ഐ.ജിക്കുവേണ്ടി ഹാജരായത് വിവാദ അഭിഭാഷകൻ
കൊച്ചി: മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യ ഹരജിയിൽ ഐ.ജി ലക്ഷ്മണക്കുവേണ്ടി ഹാജരായത് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹരജിയിലൂടെ ആരോപണമുന്നയിച്ച് വിവാദം സൃഷ്ടിച്ച അഭിഭാഷകൻ. ബുധനാഴ്ച മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതിയിലാണ് അഭിഭാഷകൻ നോബിൾ മാത്യു തന്നെ ലക്ഷ്മണക്കുവേണ്ടി ഹാജരായത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുവെന്നായിരുന്നു ലക്ഷ്മണക്കുവേണ്ടി സമർപ്പിച്ച ഹരജിയിൽ അഭിഭാഷകൻ ആരോപണം ഉന്നയിച്ചത്. തന്റെ അറിവോടെയല്ല ഇത്തരം പരാമർശങ്ങളെന്ന് ഐ.ജി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കത്തും നൽകി. ഇതിന് പിന്നാലെയാണ് ബുധനാഴ്ച മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതിയിൽ ഇതേ അഭിഭാഷകൻ തന്നെ ഹാജരായത്.
മോൻസൺ മാവുങ്കലിന്റെ നേതൃത്വത്തിൽ നടന്ന വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് ലക്ഷ്മണ. നേരത്തേ മുൻകൂർ ജാമ്യ ഹരജി മറ്റൊരു അഭിഭാഷകൻ മുഖേനയായിരുന്നു നൽകിയത്. എന്നാൽ, കേസ് റദ്ദാക്കാൻ നോബിൾ മാത്യു മുഖേന ഹരജി നൽകിയതിനെ തുടർന്ന് ആദ്യ അഭിഭാഷകൻ പിന്മാറിയതായി അറിയുന്നു. തുടർന്നാണ് നോബിൾ മാത്യുവിനെ തന്നെ ഈ കേസ് ഏൽപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ പരാമർശമുള്ള ഹരജി പിൻവലിക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
മോൻസൺ കേസ്: കെ. സുധാകരന്റെയും എസ്. സുരേന്ദ്രന്റെയും ഇടക്കാല മുൻകൂർ ജാമ്യം സ്ഥിരപ്പെടുത്തി
കൊച്ചി: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസിൽ പ്രതികളായ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനും അനുവദിച്ചിരുന്ന ഇടക്കാല മുൻകൂർ ജാമ്യം ഹൈകോടതി സ്ഥിരപ്പെടുത്തി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് എ. എ. സിയാദ് റഹ്മാന്റെ ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
നേരത്തേ ജൂൺ 23നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദേശത്തോടെ സുധാകരന് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈകോടതി നിർദേശ പ്രകാരം ഹാജരാവുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പിന്നീട് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി. മോൻസൺ പത്തുകോടി രൂപ തട്ടിയെടുത്തെന്നും ഇതിൽ 25 ലക്ഷം രൂപ കൈമാറുമ്പോൾ കെ. സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നെന്നുമുള്ള പരാതിക്കാരുടെ മൊഴിയെ തുടർന്നാണ് സുധാകരനെ കേസിൽ പ്രതി ചേർത്തത്.
ഇതേ വ്യവസ്ഥകളോടെയാണ് എസ്. സുരേന്ദ്രനും ഐ. ജി ഗുഗുലോത്ത് ലക്ഷ്മണിനും നേരത്തേ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മോൻസൺ കേസിൽ ഇവർക്കു കൂടി പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രതി ചേർത്തത്. ഇതിൽ സുരേന്ദ്രന്റെ ഇടക്കാല ജാമ്യമാണ് സ്ഥിരപ്പെടുത്തിയത്. അതേസമയം ഗുഗുലോത്ത് ലക്ഷ്മൺ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ആഗസ്റ്റ് 15 വരെ ചികിൽസയുടെ ഭാഗമായി വിശ്രമത്തിലാണെന്നും അതിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും വ്യക്തമാക്കി ലക്ഷ്മൺ കോടതിയിൽ അപേക്ഷയും നൽകി. തുടർന്ന് ലക്ഷ്മണയുടെ ഇടക്കാല ജാമ്യം നീട്ടിയ കോടതി മുൻകൂർ ജാമ്യ ഹരജി പത്ത് ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.