പി.എസ്.സി വിവര ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsതിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വിവരം ‘മാധ്യമ’ത്തിന് ലഭിച്ചതിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവനന്തപുരം ക്രൈബ്രാഞ്ച് സെൻട്രൽ യൂനിറ്റ് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. വാർത്ത നൽകിയ ‘മാധ്യമം’ ലേഖകൻ അനിരു അശോകനോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 22നാണ് പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരം ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചിരിക്കുന്നെന്ന വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്.
കേരള പൊലീസിന്റെ സൈബർ സുരക്ഷ പരിശോധന വിഭാഗമായ ‘കേരള പൊലീസ് ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ ടീം’ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിന് ഇതിൽ റിപ്പോർട്ട് നൽകിയ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് ‘ടു ഫാക്ടർ ഓതന്റിഫിക്കേഷൻ’ ഉൾപ്പെടുത്തി ഉദ്യോഗാർഥികളുടെ യൂസർ ലോഗിൻ സുരക്ഷിതമാക്കാനും നിർദേശിച്ചു. ഡാർക്ക് വെബിൽനിന്ന് പൊലീസ് കണ്ടെത്തിയ യൂസർ ഐഡികളും ലോഗിൻ വിവരങ്ങളും യഥാർഥ ഉദ്യോഗാർഥികളുടെ വിവരങ്ങൾ തന്നെയാണെന്ന് ഉറപ്പിച്ചശേഷമായിരുന്നു നടപടി.
എന്നാൽ, പൊതുസമൂഹത്തിനും ഉദ്യോഗാർഥികൾക്കും മുന്നിൽ പ്രതിച്ഛായയും സുതാര്യതയും തകരാതിരിക്കാൻ വസ്തുതകളെ മറച്ചുപിടിച്ച് വാർത്ത വ്യാജമാണെന്ന് വരുത്തിത്തീർക്കാനാണ് പി.എസ്.സി ശ്രമിച്ചത്. മാധ്യമം വാര്ത്ത വസ്തുതവിരുദ്ധമാണെന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ഡാർക്ക് വെബിലേക്ക് വിവരങ്ങൾ ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതൽ ഒ.ടി.പി സവിധാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു ഔദ്യോഗിക പത്രക്കുറിപ്പിലൂടെയുള്ള വാദം.
ഇതോടെയാണ് ഡി.ജി.പിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ മേയ് 27ന് ചേർന്ന കമീഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് ‘മാധ്യമം’ പുറത്തുവിട്ടത്. തുടർന്ന്, പി.എസ്.സി ചെയർമാൻ ജീവനക്കാർക്കെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് നിർദേശിച്ചിരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി സെക്രട്ടറിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.