ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസ്: പൾസർ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ക്രൈംബ്രാഞ്ച് സംഘം എറണാകുളം സബ് ജയിലിലെത്തി ചോദ്യം ചെയ്തു. നടൻ ദിലീപ് ഉൾപ്പെട്ട, ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ചോദ്യം ചെയ്തത്. ഹൈകോടതിയിൽ ഇന്ന് കേസ് വന്നതിന് ശേഷമായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം. ഇന്ന് ക്രൈംബ്രാഞ്ച് വിശദമായ സ്റ്റേറ്റ്മെന്റ് വിചാരണ കോടതിയിൽ നൽകിയിരുന്നു. പൾസർ സുനിയെ ചോദ്യം ചെയ്തതിലെ വിവരങ്ങളും പൊലീസ് കോടതിയിൽ സമർപ്പിക്കും.
പൾസർ സുനിയെ അടക്കം ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ദിലീപിന്റെ സഹോദരൻ സുനിക്കൊപ്പം കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും സുനിക്ക് പണം നൽകിയത് കണ്ടിട്ടുണ്ടെന്നുമൊക്കെ നേരത്തെ സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം സുനി സമ്മതിച്ചതായാണ് വിവരം. ഇത് പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം പൊളിക്കാൻ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ സുനിയുടെ സെല്ലില്‍ പരിശോധന നടന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തത്. അതേസമയം, ബാലചന്ദ്രകുമാർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. മൊബൈൽ ശബ്ദ സംഭാഷണത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഇന്ന് മൊഴിയെടുത്തതെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ വിശദീകരിച്ചു. കൂടുതൽ തെളിവുകൾ ഇന്ന് ഹാജരാക്കിയില്ലെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.