Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി വിവര ചോർച്ച:...

പി.എസ്.സി വിവര ചോർച്ച: വാർത്താ ഉറവിടം കൈമാറണമെന്ന് ക്രൈംബ്രാഞ്ച്; മുഖ്യമന്ത്രിക്ക് പരാതി നൽകി പത്രപ്രവർത്തക യൂനിയൻ

text_fields
bookmark_border
PSC Information Leak
cancel

തിരുവനന്തപുരം: പി.എസ്.സി വിവര ചോർച്ച സംബന്ധിച്ച ‘മാധ്യമം’ ദിനപത്രത്തിൽ വന്ന വാർത്തയുടെ ഉറവിടം തേടി ക്രൈംബ്രാഞ്ച്. പി.എസ്.സിയുടെ ഔദ്യോഗിക രേഖ എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ‘മാധ്യമം’ ചീഫ് എഡിറ്റർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ലേഖകന്‍റെ പേരും വിലാസവും ഔദ്യോഗിക മേൽവിലാസവും ഫോൺ നമ്പരുകളും ഇ മെയിൽ ഐ.ഡികളും സമർപ്പിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള പബ്ലിക്‌ സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽ നിന്ന് ചോർത്തി ഡാർക്ക് വെബ്ബിൽ വിൽപനക്കുവെച്ച വാർത്തയാണ് ‘മാധ്യമം’ ദിനപത്രം പുറത്തുവിട്ടത്. ഔദ്യോഗിക രേഖയിലെ വിശദാംശങ്ങൾ ചോർന്നത് കണ്ടെത്താനാണ് പി.എസ്.സി സെക്രട്ടറിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ‘മാധ്യമം’ ലേഖകൻ അനിരു അശോകൻ നാളെ ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകും.

അതേസമയം, വാർത്തയുടെ ഉറവിടം ആവശ്യപ്പെട്ട പൊലീസ് നടപടിയിൽ പ്രതിഷേധിച്ച കേരള പത്രപ്രവർത്തക യൂണിയൻ, മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ബാധിക്കാനിടയുള്ള വിഷയം മാധ്യമങ്ങൾ വാർത്തയാക്കുകയും അതിനാധാരമായ രേഖകൾ പുറത്തുവിടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ജനപക്ഷത്ത് നിന്നു വാർത്ത ചെയ്യുക എന്നത് മാധ്യമ ധർമമാണ്. ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്യ്രത്തിനും വിരുദ്ധമായ ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി നിർത്തിവെക്കണമെന്നും പത്രപ്രവർത്തക യൂണിയൻ കത്തിൽ ആവശ്യപ്പെട്ടു.

ലേഖകന്‍റെ വിശദീകരണം:

മാധ്യമ സുഹൃത്തുകളെ,

കേരള പബ്ലിക്‌ സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐ ഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വിവരം ‘മാധ്യമ’ത്തിന് ലഭിച്ചതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വാർത്ത പി.എസ്.സിക്ക് നാണക്കേടായതോടെ വാർത്ത വ്യാജമാണെന്ന് വരുത്തിത്തീർക്കാനാണ് ആദ്യം പി.എസ്.സി ശ്രമിച്ചത്.

വാർത്ത വസ്തുതവിരുദ്ധമാണെന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ സുതാര്യമാണെന്നും സ്ഥാപിക്കാനായിരുന്നു ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ ബന്ധപ്പെട്ടവർ ശ്രമിച്ചത്. ഇതേതുടർന്നാണ് വാർത്ത വ്യാജമല്ലെന്നും ചോർച്ച സത്യമാണെന്നും തെളിയിക്കുന്നതിന് വിവര ചോർച്ച സംബന്ധിച്ച് ഡി.ജി.പിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ മേയ് 27ന് ചേർന്ന കമീഷന്‍റെ അതി രഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്.

എന്നാൽ, രഹസ്യസ്വഭാവമുള്ള രേഖ ‘മാധ്യമം’ ലേഖകന് ആര് നൽകിയെന്ന് കണ്ടെത്താൻ പി.എസ്.സിയുടെ പരാതിയിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വ്യാജ വാർത്തക്കെതിരെ അല്ല അന്വേഷണം മറിച്ച് അന്വേഷണസംഘത്തിന് അറിയേണ്ടത് വാർത്ത നൽകിയ ലേഖകന്‍റെ വാർത്ത സോഴ്സുകളെക്കുറിച്ചാണ്. ഇത് പറയാൻ കഴിയില്ലെന്ന് അറിയിച്ചതോടെ കഴിഞ്ഞ ദിവസം ചീഫ് എഡിറ്ററോടും രേഖ എങ്ങനെ ലഭിച്ചെന്ന് 48 മണിക്കൂറിനുള്ളിൽ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു നോട്ടീസ് കൂടി ക്രൈംബ്രാഞ്ച് നൽകിയിട്ടുണ്ട്.

പത്രമാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ഗീർവാണങ്ങൾ മുഴക്കുന്നവരുടെയും സത്യാനന്തര കാലത്ത് മാധ്യമപ്രവർത്തനം എങ്ങനെ വേണമെന്നും പഠിപ്പിക്കുന്നവരുടെ ഭരണകാലത്താണ് മാധ്യമപ്രവർത്തനത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന ഇത്തരം അന്വേഷണങ്ങൾ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ വാർത്തയുടെ ഉറവിടം വെളിപ്പെടുത്തിയെ പറ്റൂവെന്ന ശാഠ്യത്തിന് മുട്ടുമടക്കില്ലെന്ന് അറിയിക്കട്ടെ. ഇത് എനിക്കുണ്ടായ അനുഭവം. നാളെ തെളിവുകൾ സഹിതം നിങ്ങൾ നൽകുന്ന വാർത്തകൾക്കും ആ തെളിവുകൾ ആര് നൽകിയെന്ന് അന്വേഷിച്ച് പൊലീസോ ക്രൈംബ്രാഞ്ചോ നിങ്ങളുടെ വീട്ടിലും ഓഫീസിന് മുന്നിലുമെത്തും. എന്തായാലും നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകാൻ ഹാജരാകുന്നുണ്ട്. മാധ്യമ സമൂഹത്തിന്‍റെ പിന്തുണ പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,

അനിരു അശോകൻ

കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്ത്

വാർത്തയുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനുള്ള പബ്ലിക് സർവീസ് കമീഷൻ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. കേരള പബ്ലിക് സർവീസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വിവരം വാർത്തയായതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരം ക്രൈബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഡിവൈ ഡിവൈ.എസ്.പി ബിനു വാർത്ത നൽകിയ ‘മാധ്യമം’ ലേഖകൻ അനിരു അശോകനോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ, വാർത്ത നൽകിയ ലേഖകന്റെ പേരും വിലാസവും ഔദ്യോഗിക മേൽവിലാസവും ഫോൺ നമ്പരുകളും ഇ മെയിൽ ഐഡികളും രേഖാമൂലം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പത്രത്തിന്‍റെ ചീഫ് എഡിറ്റർക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

ജൂലൈ 22നാണ് പി.എസ്.സിയിൽ രജിസ്റ്റർ ചെയ്‌ത 65 ലക്ഷം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരം ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. കേരള പൊലീസിൻ്റെ സൈബർ സുരക്ഷ പരിശോധന വിഭാഗമായ ‘കേരള പൊലീസ് ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ ടീം’ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിന് ഇതിൽ റിപ്പോർട്ട് നൽകിയ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് ‘ടു ഫാക്ടർ ഓതൻ്റിഫിക്കേഷൻ’ ഉൾപ്പെടുത്തി ഉദ്യോഗാർഥികളുടെ യൂസർ ലോഗിൻ സുരക്ഷിതമാക്കാനും നിർദേശം നൽകിയിരുന്നു.

ഡാർക്ക് വെബിൽ നിന്ന് പൊലീസ് കണ്ടെത്തിയ യൂസർ ഐഡികളും ലോഗിൻ വിവരങ്ങളും യഥാർഥ ഉദ്യോഗാർഥികളുടെ വിവരങ്ങൾ തന്നെയാണെന്നു പൊലീസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, വിവരങ്ങൾ സുരക്ഷിതമാണെന്നും വാർത്ത വസ്തുതാവിരുദ്ധമാണെന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ഡാർക്ക് വെബിലേക്ക് വിവരങ്ങൾ ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതൽ ഒ.ടി.പി സവിധാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു പി.എസ്.സി വിശദീകരണം. ഡി.ജി.പിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ മേയ് 27ന് ചേർന്ന കമീഷൻ അതിരഹസ്യ സ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്. ഇതു സംബന്ധിച്ച് പി.എസ്.സി സെക്രട്ടറിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ബാധിക്കാനിടയുള്ള വിഷയം മാധ്യമങ്ങൾ വാർത്തയാക്കുകയും അതിനാധാരമായ രേഖകൾ പുറത്തുവിടുകയും ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്. നൂറ്റാണ്ടുകളായി മാധ്യമങ്ങൾ പൊതുവെ അനുവർത്തിക്കുന്ന രീതിയും ഇതുതന്നെ. പൊലീസ് നടപടികളിലുടെ അതിനു തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഒട്ടും ഭൂഷണമായ കാര്യമല്ല. ഹാക്കർമാർ വിവരം ചോർത്തിയെങ്കിൽ അതിനു കാരണമായ സൈബർ സുരക്ഷാപ്രശ്‌നങ്ങൾക്കു പരിഹാരം കാണുകയാണു പി.എസ്.സി ചെയ്യേണ്ടത്. അതിനു പകരം പൊലീസിനെ ഉപയോഗിച്ചു മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്യ്രത്തിനും വിരുദ്ധമായ ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്ന്? അഭ്യർഥിക്കുന്നു. Kuwj

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime BranchMadhyamam Dilynews sourcePSC information leak
News Summary - Crime Branch sends notice to 'Madhyamam' daily seeking News Source
Next Story