ക്രൈംബ്രാഞ്ച് എസ്.ഐയെ സി.ഐ കള്ളക്കേസില്‍ കുടുക്കിയെന്ന്
text_fieldsതൃശൂര്‍: ക്രൈംബ്രാഞ്ച് എസ്.ഐയെ കള്ളക്കേസില്‍ കുടുക്കിയെന്ന് സി.ഐക്കെതിരെ പരാതി. സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആര്. ആമോദിനെ നെടുപുഴ സി.ഐ ടി.ജി. ദിലീപ് കള്ളക്കേസില്‍ കുടുക്കിയെന്നാണ് പരാതി ഉയർന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി എസ്.ഐയെ സി.ഐ കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. ഈ കേസ് കള്ളക്കേസാണെന്ന് സംസ്ഥാന-ജില്ല സ്പെഷല്‍ ബ്രാഞ്ചുകളും റിപ്പോര്‍ട്ട് ചെയ്തു. വഴിയരികില്‍ ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്നു എസ്.ഐയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ജൂലൈ 30ന് വടൂക്കരയിലായിരുന്നു നാടകീയ രംഗങ്ങള്‍. നെടുപുഴ സ്റ്റേഷൻ പരിധിയിൽ വടൂക്കരയിലാണ് ആമോദ് താമസിക്കുന്നത്. വൈകീട്ട് 5.30ഓടെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു ആമോദ്. സഹപ്രവര്‍ത്തകനുമായി ഫോണിൽ സംസാരിച്ചുനില്‍ക്കവെയാണ് സി.ഐയുടെ വരവ്. റോഡരികിലെ മരക്കമ്പനിയിലിരുന്ന് ചിലര്‍ മദ്യപിക്കുന്നുവെന്ന വിവരം ലഭിച്ചാണ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെയെത്തിയത്. മദ്യപിക്കാൻ വന്നതാണോയെന്ന് ആമോദിനോട് സി.ഐ ചോദിച്ചു. കടയിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ജീപ്പില്‍നിന്ന് പുറത്തിറങ്ങിയ സി.ഐ മരക്കമ്പനിക്കുള്ളിലേക്ക് പോയി തിരച്ചില്‍ നടത്തി. അവിടെനിന്ന് പാതി ഒഴിഞ്ഞ മദ്യക്കുപ്പി കിട്ടി. തുടർന്ന് ആമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നേരിയ അളവില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്താനായില്ല. വിശദമായ പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചെന്നായിരുന്നു കേസ്.
എസ്.ഐ പരാതി ഉന്നയിച്ചതോടെ അന്വേഷണമായി. സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിച്ച് കള്ളക്കേസാണെന്ന് റിപ്പോര്‍ട്ട് നല്കി. ജില്ല സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും എസ്.ഐ അവിടെയിരുന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീപ്പില്‍ വരുമ്പോള്‍ വഴിയരികില്‍ എസ്.ഐ ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് സി.ഐക്കൊപ്പം ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴിനല്‍കി. അപ്പോഴേക്കും എസ്.ഐയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടിരുന്നു.
തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിനും എസ്.ഐയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഡി.ഐ.ജിയും സിറ്റി പൊലീസ് കമീഷണറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കി ഒരു ദിവസത്തോളം എസ്.ഐയെ കസ്റ്റഡിയില്‍വെച്ചെന്നാണ് കുടുംബത്തിന്റെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.