കരുവന്നൂർ: ക്രൈംബ്രാഞ്ച് ഹരജിയിൽ ഇ.ഡിയുടെ വിശദീകരണം തേടി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്ന് വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്ന ക്രൈംബ്രാഞ്ചിന്റെ ഹരജിയിൽ ഹൈകോടതി ഇ.ഡിയുടെ വിശദീകരണം തേടി.
ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ കൃത്രിമമായി ചമക്കലും അനുബന്ധ കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഇ.ഡി പിടിച്ചെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഹരജി. ഇത് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റി.
ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിലെ രേഖകളാണ് പിടിച്ചെടുത്തത്. ബാങ്ക് നടത്തിയ 90 വായ്പ ഇടപാടുകളുമായി ബന്ധപ്പെട്ട യഥാർഥ ഫയലുകളാണ് തിരികെ ആവശ്യപ്പെട്ടത്.
എന്നാൽ, ഇവ നൽകാൻ ഇ.ഡി തയാറായില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം പിടിച്ചെടുത്ത രേഖകളുടെ പകർപ്പ് ആരിൽനിന്ന് പിടിച്ചെടുത്തുവോ അവർക്കല്ലാതെ നൽകാനാവില്ലെന്നാണ് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രേഖാമൂലം അറിയിച്ചത്.
ഇതേതുടർന്ന് സാമ്പത്തിക കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളി. ഇ.ഡിയുടെ പക്കലുള്ള രേഖകള്‍ കൂടി ലഭ്യമായാലേ അന്വേഷണം പൂർത്തീകരിക്കാനാവൂവെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കി രേഖകൾ വിട്ടുനൽകാൻ ഉത്തരവിടണമെന്നാണ്ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.