നിയമനക്കത്ത്: കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള നിയമനക്കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്. യഥാര്‍ഥ കത്ത് കണ്ടെത്താനായില്ലെന്നും ഉറവിടം കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നുമുള്ള പ്രാഥമിക പരിശോധന റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന് അന്വേഷണസംഘം കൈമാറി.
കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുള്‍പ്പെടെയുള്ളതാണ് റിപ്പോർട്ട്. ഇത് ഡി.ജി.പി അനിൽ കാന്തിന് കൈമാറും. ഇരുവരും കൂടിയാലോചിച്ച ശേഷമാകും തുടരന്വേഷണ കാര്യത്തിൽ തീരുമാനം. 25ന് ഹൈകോടതി കേസ് പരിഗണിക്കുംമുമ്പ് റിപ്പോർട്ടിൽ എന്തു തീരുമാനമെടുക്കുമെന്നതും നിർണായകമാണ്. കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിന് അനുമതി നൽകാനാണ് സാധ്യത.
എന്നാൽ, പ്രതിസ്ഥാനത്ത് ആരുമുണ്ടാകില്ലെന്നാണ് വിവരം. വിജിലൻസ് അന്വേഷണവും ഇതേ നിലയിലാണ്. വിജിലൻസ് മുഖ്യാന്വേഷണ ഉദ്യോഗസ്ഥൻ മാറിയിട്ടുമുണ്ട്. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കൈമാറിയെന്ന് പറയുന്ന കത്ത് പുറത്തുവന്ന് ഒന്നരയാഴ്ച പിന്നിട്ടപ്പോഴാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക റിപ്പോർട്ട്.
മേയർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എസ്.പി.എസ്. മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തിയത്. അതിനിടെ, ചൊവ്വാഴ്ച മുതൽ സമരം വീണ്ടും ശക്തമാക്കാനാണ് ബി.ജെ.പി, യു.ഡി.എഫ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.