‘ക്രൈം’ നന്ദകുമാറിന്റെ പരാതി: പി.ശശിക്കും ഡി.ജി.പിക്കുമെതിരെ കേസ്
text_fieldsതിരുവനന്തപുരം: ‘ക്രൈം’ പത്രാധിപര്‍ നന്ദകുമാറിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, അഗ്നിശമന രക്ഷാസേന ഡി.ജി.പി കെ. പത്മകുമാര്‍ എന്നിവര്‍ക്കെതിരെ മോഷണം അടക്കം കുറ്റങ്ങള്‍ ചുമത്തി കോടതി കേസെടുത്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് കേസെടുത്തത്. പ്രതികളോട് മേയ് 31ന് ഹാജരാകാന്‍ നിർദേശിച്ച് കോടതി സമന്‍സയച്ചു. ശശിക്കും പത്മകുമാറിനും പുറമേ, മുൻ എം.എൽ.എ ശോഭന ജോര്‍ജ്, പ്രധാന മന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന അന്തരിച്ച അരുണ്‍ കുമാര്‍ സിന്‍ഹ എന്നിവരും കേസിലെ പ്രതികളാണ്.
ശോഭന ജോർജിന്റെ പരാതിയില്‍ കേസെടുത്ത മ്യൂസിയം പൊലീസ് കോഴിക്കോടുള്ള വീട്ടില്‍നിന്ന് 1999 ജൂണ്‍ 30ന് രാത്രി നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയും വീടും ഓഫിസും റെയ്ഡ് ചെയ്ത് രേഖകള്‍ എടുത്തു കൊണ്ട് പോയെന്നുമാണ് കേസ്.
വ്യത്യസ്ത സംഭവങ്ങളിലായി പി. ശശിയും ശോഭന ജോർജും പണം കൈപ്പറ്റിയെന്നാരോപിച്ച് നന്ദകുമാർ വാർത്ത നൽകിയിരുന്നു. ഇതിന് പ്രതികാരമായി ഇരുവരും ചേര്‍ന്ന് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായ അരുണ്‍ കുമാര്‍ സിന്‍ഹയെ കൊണ്ട് കേസെടുപ്പിച്ച് കോഴിക്കോട് കമീഷണറായ കെ. പത്മകുമാറിനെ കൊണ്ട് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതെന്നാണ് നന്ദകുമാർ ഹരജിയില്‍ ആരോപിക്കുന്നത്. നന്ദകുമാറിനെതിരെ പൊലീസെടുത്ത കേസ് പിന്നീട് ഹൈകോടതി റദ്ദാക്കിയിരുന്നു. 2010ല്‍ ഫയല്‍ ചെയ്ത കേസില്‍ 14-ാം വര്‍ഷമാണ് കോടതി കേസെടുത്തത്.
മോഷണത്തിന് പുറമെ അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, വ്യാജ തെളിവ് നല്കല്, ഇലക്ട്രോണിക്സ് തെളിവുകള്‍ നശിപ്പിക്കല്‍, അന്യായമായി അതിക്രമിച്ച് കടക്കല്‍, നാശനഷ്ടം ഉണ്ടാക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തിയാണെന്ന് അറിഞ്ഞു കൊണ്ട് നിയമം പാലിക്കേണ്ടയാള്‍ ഒരാളെ തടവിലാക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.