17 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മക്ക് 17 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോഴിക്കോട് കിഴക്കോത്ത് മേലേചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദിനെയാണ് (26) റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പന്തീരങ്കാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിടിയിലായതറിഞ്ഞ് ദുബൈയിലേക്ക് മുങ്ങിയ മുഹമ്മദ് സെയ്ദിനെ നാട്ടിലെത്തിച്ചാണ് പിടികൂടിയത്.
സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകളെടുത്ത് തട്ടിപ്പ് സംഘത്തിന് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് പിടിയിലായവർ. ഇവർ അക്കൗണ്ട് എടുക്കുകയും എടുപ്പിക്കുകയും ചെയ്യുന്നവരാണ്. ലക്ഷങ്ങളുടെ ഇടപാടാണ് ഇവരുടെ അക്കൗണ്ടുകളിലൂടെ കടന്നുപോകുന്നത്. അക്കൗണ്ട് എടുത്ത് നിശ്ചിത തുകക്ക് വിൽക്കും. അക്കൗണ്ടിൽ വരുന്ന ഒരുലക്ഷം രൂപക്ക് 1000 രൂപ കമീഷൻ ലഭിക്കുകയും ചെയ്യും. പിടിയിലായവരിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുണ്ട്. ഇതിലൂടെ എത്ര രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വീട്ടിലിരുന്ന് ഓൺലൈൻ ടാസ്കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം നൽകിയപ്പോഴാണ് എടത്തല സ്വദേശിനിക്ക് 17 ലക്ഷം രൂപ നഷ്ടമായത്. വാഗ്ദാനം കണ്ട വീട്ടമ്മ ഒരു സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്തപ്പോൾ ടാസ്ക് കിട്ടി. ‘വെറൈറ്റി ഫുഡിന്’ റേറ്റിങ് ഇടുകയായിരുന്നു ജോലി. ഇതിലൂടെ കുറച്ച് പണം ലഭിക്കുകയും ചെയ്തു. വീട്ടമ്മക്ക് വിശ്വാസം ജനിപ്പിക്കാനാണ് തട്ടിപ്പുസംഘം പ്രതിഫലമെന്ന പേരിൽ ചെറിയ തുകകൾ നൽകിയത്.
ഉടനെ അടുത്ത ഓഫർ വന്നു; കുറച്ച് തുക ഇൻവെസ്റ്റ് ചെയ്താൽ വൻ തുക ലാഭം കിട്ടുമെന്ന്. ഇതോടെ മൂന്നുലക്ഷം, അഞ്ചുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെ ഘട്ടംഘട്ടമായി തുക നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ അതിനും ചെറിയ തുക തിരികെ കിട്ടി. അങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിച്ചു. സംഘം പറഞ്ഞ ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചുകൊണ്ടുമിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീട്ടമ്മയുമായി തട്ടിപ്പ് സംഘം ആശയവിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലഗ്രാം വഴിയാണ്. അതിലൂടെയാണ് ഏത് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടതെന്ന നിർദേശം നൽകുന്നത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇൻസ്പെക്ടർ വിബിൻ ദാസ്, എസ്.ഐമാരായ സി.ആർ. ഹരിദാസ്, എം. അജേഷ്, എ.എസ്.ഐ ടി.കെ. സലാവുദ്ദീൻ, സി.പി.ഒമാരായ ലിജോ ജോസ്, ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.