ജോർജ് എം. തോമസിനെതിരെ ക്രിമിനൽ കേസെടുക്കണം -ആർ.എം.പി.ഐ
text_fieldsകോഴിക്കോട്: മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ജോർജ് എം. തോമസിനെതിരെ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആർ.എം.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പാർട്ടി നടപടിയെടുക്കാൻ കാരണമായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ പൊലീസിന് കൈമാറുകയാണ് നിയമവ്യവസ്ഥയെ അംഗീകരിക്കുന്നുണ്ടെങ്കിൽ സി.പി.എം നേതൃത്വം ചെയ്യേണ്ടത്. അല്ലെങ്കിൽ കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയാവും. പൊലീസ് ഉദ്യോഗസ്ഥനുമായി ചേർന്ന് പോക്സോ കേസിൽ ഇടപെടുകയും കുറ്റവാളികളെ രക്ഷിക്കുകയും അതിന്റെ പ്രതിഫലമായി ഉദ്യോഗസ്ഥൻ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തെന്നാണ് പുറത്തുവന്ന വിവരം.
ജോർജ് എം. തോമസിനുണ്ടായ നേട്ടങ്ങൾ ഇനിയും പുറത്തുവരണം. മിച്ചഭൂമി കൈവശം വെച്ചുവെന്നതിന്റെ തെളിവും പുറത്തുവന്നിട്ടുണ്ട്. നേരിട്ടും അല്ലാതെയും നിരവധി ക്വാറികളുമായി ബന്ധമുണ്ടെന്നും പറയുന്നു. ഈ കുറ്റകൃത്യങ്ങളൊക്കെ എം.എൽ.എ എന്ന പദവി ഉപയോഗിച്ച് നടത്തിയതാണെന്ന് വ്യക്തമാണ്. എം.എൽ.എ പദവിയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് നിരവധി വർഷങ്ങളായി നിയമ വിരുദ്ധ-ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന ജോർജിന്റെ നടപടി ഇതുവരെ സി.പി.എം നേതൃത്വം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല.
ജോർജ് നടത്തിയ കുറ്റകൃത്യങ്ങളുടെ പങ്കുപറ്റുകയായിരുന്നു സി.പി.എം നേതൃത്വം. സി.പി.എമ്മിനകത്തെ ആഭ്യന്തര തർക്കങ്ങളാണ് പാർട്ടി നടപടിയിലേക്കെത്തിച്ചത്. ജോർജ് തനിച്ചാണ് ഈ കൃത്യങ്ങളൊക്കെ ചെയ്തതെന്ന് കരുതുന്നതിൽ അർഥമില്ല. വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആർ.എം.പി.ഐ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.