കൊടുംകുറ്റവാളി ലെനിൻ രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെ
text_fieldsകൽപറ്റ: തമിഴ്നാട്ടില്‍ ബലാത്സഘം, കൊലപാതക കേസുകളില്‍ ശിക്ഷവിധിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന കൃഷ്ണഗിരി മൈലമ്പാടി എം.ജെ. ലെനിൻ പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെ. കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം ഏഴു പേരുടെ സഹായത്തോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇവരെ വ്യാഴാഴ്ച മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് രക്ഷപ്പെടൽ പദ്ധതി പുറംലോകം അറിയുന്നത്.
എം.ജെ. ലെനിനെ തമിഴ്നാട് പൊലീസ് അമ്പലവയല്‍ കൂട്ട ബലാത്സഘ കേസില്‍ സുൽത്താൻ ബത്തേരി കോടതിയില്‍ ഹാജരാക്കി വൈത്തിരി സബ് ജയിലില്‍ പാര്‍പ്പിക്കാന്‍ കൊണ്ടുപോകും വഴി കോട്ടനാട് 46ല്‍ വെച്ചാണ് രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് പൊലീസുകാരനെയും ലെനിനിന്റെ കൂട്ടാളികളെയും മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ രണ്ടിന് വൈകീട്ട് മേപ്പാടി സ്റ്റേഷന് പരിധിയിലെ കോട്ടനാട് 46ല്‍ വെച്ച് രക്ഷപ്പെട്ട ലെനിനെ മൂന്നിന് വൈകീട്ടോടെയാണ് പിടികൂടുന്നത്. മൂന്ന് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരാണ് ലെനിന്റെ സംരക്ഷണത്തിനായുണ്ടായിരുന്നത്. ഇതില്‍ സീനിയര്‍ ഉദ്യോഗസ്ഥനായ ധനസേഖരനെ ലെനിന് പ്രലോഭിപ്പിച്ച് തന്റെ വരുതിയിലാക്കി. ഒന്നാം തീയതി കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരുംവഴി തന്നെ ഇവര്‍ ഗൂഢാലോചന തുടങ്ങിയിരുന്നു. ലെനിന്റെ കൂട്ടാളി രഞ്ജിത്ത് ഏര്‍പ്പാടാക്കിക്കൊടുത്ത റിസോര്‍ട്ടിലാണ് പൊലീസ് സംഘവും ലെനിനും താമസിച്ചത്. രണ്ടാം തീയതി ലെനിനെ കോടതിയിലെത്തിച്ച് കോടതി നടപടികള്‍ക്ക് ശേഷം ഇവര്‍ റിസോര്‍ട്ടിലേക്ക് മടങ്ങി. ശേഷം, മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥരോട് റിസോര്‍ട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞ ശേഷം കൂട്ടാളി ടിന്റോയുടെ കാറില്‍ ലെനിനെ അമ്പലവയലിലുള്ള വീട്ടിലെത്തിക്കാന്‍ ധനസേഖരന്‍ അവസരമൊരുക്കുകയായിരുന്നു. ലെനിന്റെ സ്വാധീനമുപയോഗിച്ച് കോട്ടനാട് 46ല്‍ ഒരു സ്ത്രീ നടത്തുന്ന സ്പാ ആന്‍ഡ് മസാജ് സെന്ററില്‍ ഇവരെത്തി. തുടര്‍ന്നാണ്, രാഹുല്‍ മണിയും ജോണിയും അഫ്സലും കൂടി കാറില്‍ ലെനിനെ കോട്ടയത്തേക്കെത്തിക്കുന്നത്. കോട്ടയത്തുണ്ടായിരുന്ന സനലിന്റെ സഹായത്തോടെ ലെനിന് പുതിയ ഫോണും സിം കാര്‍ഡും വാങ്ങി. തുടര്‍ന്ന്, ലെനിന് പരശുറാം എക്സ്പ്രസ് ട്രെയിനില്‍ മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിക്കുകയും സനലൊഴികെയുള്ള കൂട്ടാളികള്‍ കാര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. ഇവരെ കാപ്പംകൊല്ലിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
സനലിനെ കോട്ടയത്ത് നിന്ന് കോട്ടയം പൊലീസ് കസ്റ്റഡിയിലെടുത്ത് മേപ്പാടി പൊലീസിന് കൈമാറി. 46ല്‍ വെച്ചാണ് ലെനിന് രക്ഷപ്പെടുന്നതെങ്കിലും കാപ്പംകൊല്ലി റോഡില്‍ വെച്ചാണ് രക്ഷപ്പെട്ടതെന്ന് പറഞ്ഞ് നാട്ടുകാരെയും പൊലീസിനെയും ധനസേഖരന്‍ കബളിപ്പിച്ചു. എന്നാല്‍, മൊഴികളിലെ വൈരുധ്യം മനസ്സിലാക്കിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ശാസ്ത്രീയാന്വേഷണം നടത്തി. ഇയാള്‍ കൂട്ടാളികളുടെ സഹായത്തോടെ കോട്ടയത്തേക്ക് കടന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് കോട്ടയത്തുനിന്ന് പിടികൂടിയ സനലിനെ ചോദ്യം ചെയ്തതില്‍ ലെനിൻ ട്രെയിനില്‍ മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കി. പ്രതിയുടെ ഫോട്ടോ അടക്കമുളള വിവരങ്ങള്‍ മേപ്പാടി പൊലീസ് ആര്.പി.എഫിന് കൈമാറി. മേപ്പാടി പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പേ പ്രതിയെ ആര്.പി.എഫ് പിടികൂടിയിരുന്നു. തുടർന്ന് മേപ്പാടി പൊലീസിന് കൈമാറി.
തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടകൊലപാതകകേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്. 2022ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാകുളത്തുനിന്ന് തട്ടികൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ച് ലഹരിവസ്തുക്കള്‍ നല്കി 17 പേര് ചേര്‍ന്ന് കൂട്ടബലാത്സംഘം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. അമ്പലവയല്‍ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക്, റോബറി എന്നീ കേസുകളിലും സുൽത്താൻ ബത്തേരി സ്റ്റേഷനില്‍ അക്രമിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലും കല്പറ്റ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക് കേസിലും പ്രതിയാണ്. എസ്.ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.കെ. വിപിന്‍, നൗഫല്‍, സി.പി.ഒ സക്കറിയ, ഷാജഹാന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.