കുറ്റക്കാരെ ശിക്ഷിക്കണം; നഷ്ടവും ഈടാക്കണം -മുസ്ലിം ലീഗ്
text_fieldsകൊച്ചി: എ.ഐ കാമറയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനൊപ്പം ഖജനവിനുണ്ടായ നഷ്ടം ഈടാക്കുകയും വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ നടക്കുന്ന വിജിലൻസ് അന്വേഷണം പര്യാപ്തമല്ല. കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതികളും ഒരു സ്ഥലം കേന്ദ്രീകരിച്ചാണ്. അവിടേക്ക് അന്വേഷണം എത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫിനൊപ്പം അണിചേരും. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗം തുടർ സമരപരിപാടികൾ ചര്‍ച്ച ചെയ്യും.
പലപ്പോഴായി അഴിമതിയുടെ നാറുന്ന കഥകൾ പ്രതിപക്ഷം തെളിവ് സഹിതം പുറത്തുവിട്ടിട്ടും സർക്കാർ ഒരു അന്വേഷണത്തിനും തയാറായിട്ടില്ല. എ.ഐ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ദുരൂഹതയുണ്ട്. ഉദ്യോസ്ഥരുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവെച്ച് രക്ഷപ്പെടാൻ സർക്കാറിന് കഴിയില്ല. ഉന്നതരെ മുഴുവൻ ഒഴിവാക്കി സാധാരണക്കാരെ പിഴിയാനുള്ള പദ്ധതിയാണ് എ.ഐ കാമറയിലൂടെ ഒരുക്കിയത്. ട്രാഫിക് നിയമത്തിന്റെ മറവിൽ ഭീമമായ തുക പിഴയായി ഈടാക്കുന്നത് അനുവദിക്കാവുന്നതല്ല. നികുതി വർധനയിൽ വിവിധ മേഖലകൾ ബുദ്ധിമുട്ടിലാണെന്ന് സലാം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.