ജീവനക്കാരുടെ കുറവുമൂലം കടുത്ത പ്രതിസന്ധി; താൽക്കാലിക നിയമന വഴിതേടി കേരള ബാങ്ക്
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ കുറവുമൂലം പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ താൽക്കാലിക നിയമനത്തിന് വഴിതേടി കേരള ബാങ്ക്. മേയിൽ 290ഓളം പേർ വിരമിക്കുന്നതോടെ ജീവനക്കാരുടെ കുറവ് ബാങ്കിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കും.
കേരള ബാങ്ക് രൂപവത്കരിച്ചശേഷം ക്ലറിക്കൽ തസ്തികയിലേക്ക് പി.എസ്.സി നിയമനം നടന്നിട്ടില്ല. ജില്ല ബാങ്ക് ആയിരുന്നപ്പോഴത്തെ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. കേസ് തീർപ്പാകാത്തതിനാൽ പി.എസ്.സി നിയമനം നടത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. രണ്ടായിരത്തിലേറെ ഒഴിവുള്ള സ്ഥാപനത്തെ നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യമാണ്. മാനേജ്മെന്റ് ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മറ്റ് നിയമാനുസൃത രീതികളിലൂടെയോ നിയമനം നടത്തണമെന്നാണ് ആവശ്യം. സർക്കാർ അനുവദിച്ചാലും ധനകാര്യ സ്ഥാപനമെന്ന നിലയിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിന്റെ ‘റിസ്കും’ ബാങ്കിന് മുന്നിലുണ്ട്.
ബാങ്കിന്റെ 823 ശാഖകളും ജീവനക്കാരുടെ കുറവ് അനുഭവിക്കുന്നു. ഇതുമൂലം ജീവനക്കാരുടെ ജോലി ഭാരം വർധിക്കുന്നതിന് പുറമേ കാര്യക്ഷമമായ പ്രവർത്തനവും സാധ്യമാവുന്നില്ല. വനിതകളടക്കം വലിയൊരു ശതമാനം ജീവനക്കാർ അമിത ജോലിഭാരം മൂലം കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട്. 44ാ മത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുക സമാഹരിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നു. 2000 കോടി ടാർജറ്റ് ഉണ്ടായിരുന്ന കേരള ബാങ്ക് 3208.31 കോടി രൂപ സമാഹരിച്ചു. ഈ രീതിയിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുമ്പോഴും ജീവനക്കാരുടെ കുറവും അതുമൂലമുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ സഹകരണ വകുപ്പ് മടിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.