മത്സ്യവിപണിയിൽ പ്രതിസന്ധി; നല്ലത് തിരിച്ചറിയാനാകാതെ ജനം
text_fieldsകോട്ടയം: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഫോര്‍മലിൻ കലര്‍ത്തിയ മത്സ്യം വൻ തോതിൽ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ മത്സ്യ വിപണി കടുത്ത പ്രതിസന്ധിയിൽ.
വിൽപന 10 മുതൽ 20 ശതമാനം വരെയായി ചുരുങ്ങി. നല്ല മത്സ്യം തിരിച്ചറിയാനുള്ള സാധ്യത ഇല്ലാത്തതും പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയും കേരളത്തിലെ മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിനും ആവശ്യക്കാരില്ലാത്ത അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. വിൽപന കുറഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി.
പുഴ, കായൽ മത്സ്യങ്ങൾക്ക് വില ഉയർന്നതോടെ വിൽപനയും കുറഞ്ഞു.
കരിമീനടക്കം ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതിനാൽ അവ വാങ്ങാനും ജനം തയാറാകുന്നില്ല. മീൻ വാങ്ങാൻ ആവശ്യക്കാർ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷം വ്യാപാരികളും കച്ചവടം തൽക്കാലത്തേക്ക് നിർത്തി. ഇവിടെനിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നുണ്ടെങ്കിലും ജനങ്ങൾക്ക് വിശ്വാസം പോരാ. ട്രോളിങ് നിരോധനത്തെ തുടർന്ന് മത്സ്യത്തിന് വില ഗണ്യമായി ഉയർന്നിരുന്നു. എന്നാൽ, ഫോര്‍മലിൻ പേടി വന്നതോടെ നെയ്മീനിന് 900 രൂപയിൽനിന്ന് വില പകുതിയായി കുറഞ്ഞു.
കിളിമീൻ 350-370 രൂപയിൽനിന്ന് 160ല്‍ താഴെയായി. ചൂരക്ക് 400ല്‍നിന്ന് 200 രൂപയായി. ഉലുവാച്ചിക്ക് 650ല്‍നിന്ന് 375ഉം വങ്കടക്ക് 130ഉം മത്തിക്ക് 100 രൂപയുമായി.
ട്രോളിങ് നിരോധനം ആരംഭിച്ചശേഷം തമിഴ്നാട്, ആന്ധ്ര, ഗോവ, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മത്സ്യം എത്തുന്നത്. എന്നാൽ, ഇതിൽ പകുതി മത്സ്യംപോലും പരിശോധിക്കാൻ സംവിധാനമില്ല. അമോണിയ, ഫോർമലിൻ തുടങ്ങിയവ കണ്ടെത്തിയിട്ടും അതിർത്തി ചെക്ക്േപാസ്റ്റുകളിൽ കാര്യമായ പരിശോധനയില്ല. 100 മുതൽ 150 ലോഡ്വരെ മത്സ്യം കൊണ്ടുവരുേമ്പാൾ പരിശോധിക്കുന്നത് വെറും 25-30 ലോഡ് മാത്രമാണ്. വൻകിട കമ്പനികൾക്കായി ഫ്രീസർ സംവിധാനമുള്ള വാഹനങ്ങളിൽ കൊണ്ടുവരുന്ന മാസങ്ങൾ പഴക്കമുള്ളവ പരിശോധിക്കാറുമില്ല. കേരളത്തിൽ നിലവിൽ മൂന്ന് അനലറ്റിക്കൽ ലാബ് മാത്രമാണുള്ളത്. ഇതും ഇതര സംസ്ഥാനക്കാർ മുതലെടുക്കുകയാണ്. പിടിച്ചെടുക്കുന്ന മത്സ്യത്തിൽ മാരക വിഷം കലർത്തിയിട്ടുണ്ടോയെന്നറിയാൻ നിലവിൽ രണ്ടുദിവസം വേണ്ടിവരുന്നുണ്ട്.
ഫോർമലിൻ മീൻ എത്തിയത് തെലുങ്കാനയിൽനിന്ന്
മായം കലർത്തുന്നവർക്കെതിരെ നിയമനടപടിക്ക് ഭക്ഷ്യസുരക്ഷ നിയമത്തിൽ ഭേദഗതി വരുത്തും
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഫോർമലിൻ കണ്ടെത്തിയവയെല്ലാം തെലങ്കാനയിൽനിന്ന് എത്തിച്ച മത്സ്യം. ഇത് ആരാണ് കയറ്റി അയച്ചതെന്നോ ഫോർമലിൻ കലർത്തിയത് എവിടെെവച്ചാണെന്നോ ഡ്രൈവർമാർക്ക് അറിയില്ല. അതിനാൽ, ഡ്രൈവർക്കും ആർ.സി ഉടമക്കുമെതിരെ കേസെടുക്കാനാണ് തീരുമാനം. മത്സ്യം അയച്ചയാളുടെ വിവരം ലഭ്യമാകുേമ്പാൾ അവരെയും പ്രതിചേർക്കും. മധ്യകേരളത്തിലെ മത്സ്യസംസ്കരണ യൂനിറ്റിലേക്കാണ് ഇവ കൊണ്ടുവന്നതെന്ന വിവരമുണ്ട്. ഭക്ഷ്യവസ്തുക്കളിൽ വിഷപദാർഥങ്ങളും മായവും കലർത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷ നിയമത്തിൽ ഭേദഗതി വരുത്തും.
അടുത്ത നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. അതിനിടെ, ഫോർമലിൻ കലർത്തിയ മീനിെൻറ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങി. വാഹനങ്ങളിൽ ഇവയുടെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ കേരളത്തിലേക്ക് എത്തുന്നത് തടയാൻ ഇതരസംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ആശ്രയിക്കാനുമാകുന്നില്ല. മുമ്പ് മാരക കീടനാശിനികൾ തളിച്ച പച്ചക്കറികളും കാർബൈഡ് ഉപയോഗിച്ച മാങ്ങയും എത്തുന്നത് തടയാൻ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മറ്റ് സംസ്ഥാനങ്ങളിൽ പരിശോധന നടത്തുകയും അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മീനിെൻറ കാര്യത്തിൽ ഇത് സാധ്യമാകുന്നില്ല. സംസ്ഥാനത്ത് ഓൺലൈനായി വിൽപന നടത്തുന്ന മത്സ്യത്തിലും പരിശോധന നടത്തും.
കൂടുതൽ ഫിഷ് ബൂത്തുമായി മത്സ്യഫെഡ്
കൊച്ചി: രാസവസ്തുക്കൾ കലർത്തി മീൻ വിൽപനക്കെത്തിക്കുന്നതുമൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി മത്സ്യഫെഡ് കൂടുതൽ ഫിഷ് ബൂത്തുകൾ തുടങ്ങുന്നു. നിലവിൽ 33 ഫിഷ് ബൂത്താണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായുള്ളത്. 15 എണ്ണം കൂടി തുടങ്ങാൻ ടെൻഡർ പൂർത്തിയായി. ഇതുൾപ്പെടെ 100 ബൂത്ത് ഇൗ വർഷം അവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. ആവശ്യക്കാർക്ക് മായം കലർന്ന മത്സ്യത്തിന് വലിയ വില നൽകേണ്ടിയും വരുന്നു. ഇതിന് പരിഹാരമായി ‘തീരത്തുനിന്ന് മാർക്കറ്റിലേക്ക്’ പദ്ധതി മത്സ്യഫെഡ് നടപ്പാക്കുകയാണ്. മത്സ്യം പ്രാഥമിക സംഘങ്ങൾ ശേഖരിച്ച് മത്സ്യഫെഡിെൻറ വാഹനവ്യൂഹം മാർക്കറ്റുകളിൽ എത്തിക്കുന്നതാണ് പദ്ധതി. ഫിഷ് സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക ഫിഷ് മാർക്കറ്റുകൾ എന്നിവയും പ്രയോജനപ്പെടുത്തും. മൊബൈൽ ഫിഷ് മാർട്ട് (അന്തിപ്പച്ച) തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട്. വിഴിഞ്ഞത്ത് മത്സ്യസംഭരണത്തിന് ബേസ് സ്റ്റേഷനും ആരംഭിച്ചു. പദ്ധതിയിൽ നാല് മാർക്കറ്റുകൾ നവീകരിച്ചു. കഴക്കൂട്ടത്ത് ഹൈടെക് മാർക്കറ്റാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.