പ്രതിസന്ധി: ട്രഷറിയിൽ പണമെത്തിക്കാൻ പലിശ ഓഫർ, 91 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ, മാർച്ച് 25 വരെ മാത്രം
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്രഷറിയിൽ പണമെത്തിക്കാൻ സ്പെഷൽ പലിശ നിരക്ക് പ്രഖ്യാപിച്ച് ധനവകുപ്പ്. നിക്ഷേപങ്ങളുടെ സമയപരിധിക്കനുസരിച്ച് വിവിധ സ്ലാബുകളായി തിരിച്ചുള്ള വ്യത്യസ്ത പലിശ നിരക്കുകളാണ് നിലവിൽ. ഇതിൽ 91 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സ്ലാബനുസരിച്ച് 46 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനവും 91 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.9 ശതമാനവുമാണ് പലിശ. രണ്ട് വർഷം മുതൽ മുകളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് മാത്രമാണ് ഇപ്പോൾ 7.5 ശതമാനം പലിശ നൽകുന്നത്. ഇതാണ് 91 ദിവസം വരെയുള്ള താൽക്കാലിക സ്ലാബ് സൃഷ്ടിച്ച് നിക്ഷേപങ്ങൾക്ക് ബാധകമാക്കിയിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ 25 വരെയുള്ള നിക്ഷേപങ്ങൾക്കേ ഈ ആനുകൂല്യം ബാധകമാകൂവെന്നും ഉത്തരവിൽ പറയുന്നു.
സാമ്പത്തിക വർഷാവസാനം ഭാരിച്ച ചെലവുകളാണ് ധനവകുപ്പിനുള്ളത്. കഴിഞ്ഞ മാർച്ചിൽ 22,000 കോടിയായിരുന്നു ചെലവ്. ഇത്തവണയും ഇതേ തുകയാണ് പ്രതീക്ഷിക്കുന്നത്. കടമെടുപ്പ് പരിധിയും കഴിഞ്ഞതോടെ ഇനി ആ വഴിക്കും പ്രതീക്ഷയില്ല. അർഹമായ കടമെടുപ്പ് പരിധിയിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടച്ചാൽ അത്രയും തുക വീണ്ടും വായ്പയെടുക്കാം (റീപ്ലെയിസ് ബോറോയിങ്). എന്നാൽ, അതിനുള്ള അനുമതിയും കേന്ദ്രം നൽകിയിട്ടില്ല. വൈദ്യുതി മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ലഭിക്കേണ്ട തുകയും കിട്ടിയില്ല. ക്ഷേമ പെൻഷൻ ആറ് മാസത്തെ കുടിശ്ശികയിലേക്ക് കടക്കുകയാണ്. കടുത്ത ഞെരുക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നിക്ഷേപങ്ങൾ ട്രഷറിയിലേക്ക് ആകർഷിക്കാൻ പലിശ നിരക്ക് ഉയർത്തിയത്.
കൂടുതൽപേർ നിക്ഷേപത്തിനായി തെരഞ്ഞടുക്കുന്ന കാലയളവാണിതെന്നതാണ് സർക്കാർ പ്രതീക്ഷ. ഏറ്റവുമൊടുവിൽ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിരംനിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയർത്തിയത് 2023 ഒക്ടോബർ ഒന്നിനാണ്. 181 മുതൽ 365 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനവും ഒരു വർഷം മുതൽ രണ്ടുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനവുമാണ് നിലവിൽ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.