പോസ്റ്റർ പങ്കുവെച്ചത് ഹരീഷ് പേരടി പറഞ്ഞിട്ട്; കലാ സാഹിത്യ മേഖലകളിൽ വിമർശന സഹകരണം അനിവാര്യം -വിശദീകരണവുമായി എം.എ. ബേബി
text_fieldsതിരുവനന്തപുരം: ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിൽ വിശദീകരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം നിർമിക്കുന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതോടെ അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വേണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട് എന്നും എം.എ ബേബി പറഞ്ഞു
. ഹരീഷ് പറയുന്ന കാര്യങ്ങൾ പോസ്റ്റർ റിലീസുമായി ബന്ധപ്പെടുത്തേണ്ട. അദ്ദേഹം പറഞ്ഞിട്ടാണ് താൻ സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽപങ്കുവെച്ചതെന്നും എം.എ. ബേബി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ദാസേട്ടന്റെ സൈക്കിൾ എന്ന ഹരീഷ് പേരടിയുടെ ചിത്രത്തിന്റെ പോസ്റ്റർ എം.എ. ബേബി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തുടർന്ന് ഇതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം പ്രവർത്തകരടക്കം രംഗത്തു വരികയായിരുന്നു.
സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധനെ പിന്തുണക്കേണ്ട കാര്യമെന്താണ് എം.എ. ബേബിക്ക് എന്നാണ് വിമർശകരുടെ ചോദ്യം. സഖാവെ ലേശം ഉളുപ്പ് വേണം എന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന്റെ താഴെയുള്ളത്. സാധാരണ പാർട്ടി അംഗങ്ങൾക്ക് മാത്രമല്ല പാർട്ടി ക്ലാസ്സ് വേണ്ടത് പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കും വേണം എന്നും ഒരാൾ പ്രതികരിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ സിനിമക്കു പ്രമോഷൻ കൊടുക്കണമെന്നും ഒരാൾ എഴുതിയിട്ടുണ്ട്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:
'ദാസേട്ടന്റെ സൈക്കിൾ' എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമാതാവിന്റെ അഭ്യർഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി. 'ഇടതുപക്ഷവിരുദ്ധന്റെ' സിനിമക്ക് ഞാനെന്തിനുപ്രചാരണം നൽകുന്നു എന്നചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി.
ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി,
ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.
അതിപ്രഗൽഭരായ ആ രണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന: ചലച്ചിത്രനിർമ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം.
12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നുപറഞ്ഞപ്പോൾ പ്രശ്നമില്ല; ഫേസ് ബുക്കിൽമതി എന്നറിയിച്ചു.
ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.