സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ട ദിവസം മുഖ്യമന്ത്രി നൽകിയ പായസത്തെക്കുറിച്ച് വാചാലനായി മന്ത്രി ജലീൽ
text_fieldsകോഴിക്കോട്: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും വെട്ടി കൊലപ്പെടുത്തിയ തിരുവോണനാളില്‍ മുഖ്യമന്ത്രി നൽകിയ പായസത്തെക്കുറിച്ച് വാചാലനായ മന്ത്രി കെ.ടി ജലീലിന്‍റെ പോസ്റ്റിെക്കുറിച്ച് വ്യാപക പ്രതിഷേധം. കൊലപാതകത്തെക്കുറിച്ച് പരാമർശങ്ങൾ ഒന്നും നടത്താതെ പായസത്തെക്കുറിച്ചും കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചുമാണ് പോസ്റ്റ്. മാപ്പിളപ്പാട്ടിന്‍റെ ഈണത്തിലുള്ള ഓണപ്പാട്ടിന്‍റെ വിഡിയോയും മന്ത്രി ഫേസ്പുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിനെക്കുറിച്ച് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. പാർട്ടിക്ക് വേണ്ടി വെട്ടാനും ചാവാനും നടക്കുന്നവർ ഇത് വായിക്കണം എന്നാണ് ഒരാളുടെ കമന്‍റ്. കെ.ടി ജലീലിനെതിരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധമുണ്ട്.
രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ട ദിവസം അതിനെക്കുറിച്ച് ഒരു വാക്കും പറയാതെ പായസം വിളമ്പിയത് ആഘോഷിച്ചുവെന്ന് വിമർശനം ഉണ്ടായതിനെ തുടർന്ന് വൈകാതെ മന്ത്രി കൊലപാതകത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പിട്ടു.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
തിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടൻ ഞാനദ്ദേഹത്തിന് ഓണാശംസകൾ നേർന്നു. ''തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ", അദ്ദേഹത്തിൻ്റെ ചോദ്യം."അതെ"എന്ന എൻ്റെ മറുപടി. സ്നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു; "പായസം കൊടുത്തയക്കുന്നുണ്ട്". കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.
എൻ്റെ രണ്ട് ഗൺമാൻമാർക്കും ഡ്രൈവർക്കും ഒരു സ്റ്റാഫിനും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വയം കോറണ്ടൈനിലാണ് ഞാൻ. ഓണത്തിന് നാട്ടിലില്ലാത്തത് ആദ്യമാണെന്ന് തോന്നുന്നു. ബുദ്ധിയുറച്ച നാൾമുതൽ തൊട്ടടുത്ത അയൽവാസിയും കളിക്കൂട്ടുകാരനുമായ പപ്പൻ്റെ അമ്മ കൊടുത്തയക്കുന്ന കായ വറുത്തതും ശർക്കര ഉപ്പേരിയും പായസവും ഓണാഘോഷം പൊലിമ നിറഞ്ഞതാക്കിയിരുന്നു. കുറേ വർഷങ്ങളായി അവൻ്റെ വീട്ടിൽ നിന്നാണ് ഓണസദ്യ. പതിവുപോലെ അമ്മ പറഞ്ഞ്, പപ്പൻ ഇന്നലെ എന്നെ വിളിച്ചിരുന്നു. വരാൻ പറ്റാത്ത വിഷമം ഞാനവനോട് പങ്കുവെച്ചു. എന്നാലും മനസ്സിലെവിടെയോ ഒരു വിഷമം ബാക്കിനിന്നു. അതാണ് മുഖ്യമന്ത്രിയുടെ വിളിയിലൂടെയും അദ്ദേഹം കൊടുത്തയച്ച പായസത്തിലൂടെയും മാറിക്കിട്ടിയത്. മുഖ്യമന്ത്രിക്കും കമലേച്ചിക്കും കുടുംബത്തിനും, മഠത്തിലെ അമ്മക്കും രാജേട്ടനും ഹേമച്ചേച്ചിക്കും പ്രഭക്കും പപ്പനുമടക്കം മുഴുവൻ മലയാളികൾക്കും ഹൃദ്യമായ ഓണാശംസകൾ. മാപ്പിളപ്പാട്ടിൻ്റെ ഈണത്തിലുള്ള ഓണപ്പാട്ടാണ് വീഡിയോ ക്ലിപ്പായി താഴെ കൊടുക്കുന്നത്. എല്ലാവരും അത് കേൾക്കുമല്ലോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.