കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം: കെ.എസ് ഹംസയെ പാര്‍ട്ടി പദവികളില്‍നിന്ന് മാറ്റി
text_fieldsകോഴിക്കാട്: മുസ്‍ലിംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാര്‍ട്ടി പദവികളില്‍നിന്ന് സസ്‍പെൻഡ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറി, പ്രവർത്തകസമിതി അംഗം ഉൾപ്പെടെ എല്ലാ പദവികളിൽനിന്നും നീക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചർച്ചയായത് എന്നീ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ഔദ്യേഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി നടപടിയോട് പരസ്യ പ്രതികരണത്തിനില്ലെന്നും കെ.എസ് ഹംസ പറഞ്ഞു.
കൊച്ചിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ താങ്കൾ ഇടതുപക്ഷത്താണോ യു.ഡി.എഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്നായിരുന്നു കെ.എസ് ഹംസയുടെ പരാമർശം. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ ഇതിനെതിരെ ശബ്ദമുയർത്തിയപ്പോൾ അദ്ദേഹത്തിന് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
അതേസമയം, ലീഗ് പ്രവര്‍ത്തക സമിതിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്ന ആരോപണത്തിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജിഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നതെന്നായിരുന്നു പ്രതികരണം. ലീഗ് ജനാധിപത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായപ്രകടനങ്ങൾ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായെന്നും എന്നാല്‍ വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.