ധീരജിന്റെ വീട് സന്ദർശിച്ച് കോടിയേരി എഴുതിയ ഫേസ്ബുക് കുറിപ്പിൽ മെഗാ തിരുവാതിരക്കെതിരെ പൊങ്കാല
text_fieldsകണ്ണൂർ: കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിൻ്റെ തളിപ്പറമ്പിലെ വീട്ടിലെത്തിയ വിവരം പങ്കിട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ എഫ്.ബി പോസ്റ്റിന് താഴെ മെഗാ തിരുവാതിരക്കെതിരെ പൊങ്കാലയുയർന്നു. പോസ്റ്റ് ചെയ്ത് ഒരുമണിക്കൂറിനകം പ്രതികരിച്ച 487 പേരിൽ മിക്കവരും മെഗാ തിരുവാതിരക്കെതിരെ ആഞ്ഞടിച്ചു. ഇതിൽ ഏറെയും പാർട്ടി അണികളും അനുഭാവികളുമാണ്.
"രണ്ടും ഒരുമിച്ച് വേണ്ടാ സഖാവേ... ആശ്വസിപ്പിക്കലും പിണുവാതിര കളിയും....." "....തിരുവാതിര സംഘടിപ്പിച്ചവർ ശുദ്ധ വിവരദോഷികൾ ആണ്..... " "വിലാപയാത്രയോടൊപ്പം തിരുവാതിരയും അരങ്ങേറിയതിൽ ആർക്കാണ് പങ്ക്????"......"ധീര രക്തസാക്ഷി ധീരജിന്റെ ചിത കെട്ടടങ്ങുന്നതിന് മുൻപ്
തിരുവാതിര കളി നടത്തിയത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഒരു കാര്യം കൃത്യമായി പറയാം ഇതൊക്കെ ഗുണത്തേക്കാൾ ഏറേ ദോഷം മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു... ഇത് പോലുള്ള സംഭവം മനസ്സിന് വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്.. " എന്നിങ്ങനെ നീളുന്നു പ്രതിഷേധങ്ങൾ. രൂക്ഷമായ കുറിപ്പുകൾ പാർട്ടി വിരുദ്ധരുടെതായി ഉണ്ട്. എന്നാൽ പാർട്ടിക്കാരായ ഏറെ പേരും മിതഭാഷയിൽ രോഷത്തോടെ തിരുവാതിരയെ എതിർത്തു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച നടപടി ഭരണ നേതൃത്വത്തിലും അമർഷമായിട്ടുണ്ട്. ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രി ബുധനാഴ്ച ശക്തമായ ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം.-മന്ത്രി മുന്നറിയിപ്പ് നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.