സമ്മേളനങ്ങളിൽ വിമർശനം: 'പൊലീസിൽ സർക്കാർ നിയന്ത്രണം നഷ്ടമായി'
text_fieldsതിരുവനന്തപുരം: മുൻകാലങ്ങളിൽ ഇല്ലാത്തതരത്തിൽ പൊലീസിനുമേൽ എൽ.ഡി.എഫ് സർക്കാറിന് നിയന്ത്രണം നഷ്ടമായെന്ന് സി.പി.എം ഏരിയ സമ്മേളനങ്ങളിൽ വിമർശനം.ആർ.എസ്.എസുകാരായ പൊലീസുകാരെ നിയന്ത്രിക്കാൻപോലും ആഭ്യന്തരവകുപ്പിന് കഴിയുന്നിെല്ലന്ന് കുറ്റപ്പെടുത്തിയ പ്രതിനിധികൾ മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സമാപിച്ച പാളയം, ചാല ഏരിയ സമ്മേളനങ്ങളിലാണ് ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. എന്നാൽ, പിണറായിക്കെതിരെ വ്യക്തിപരമായ വിമർശനം ഉയർന്നില്ല.
പൊലീസിനുമേൽ സർക്കാറിന് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്ന് ചാല ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു. തിരുവല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിെൻറ കൊലപാതകം ഉയർത്തിയാണ് പൊലീസ് വീഴ്ചകൾക്കെതിരെ ആഞ്ഞടിച്ചത്. കൊലപാതകം വ്യക്തിപരമാണെന്നും രാഷ്ട്രീയം കലർന്നിട്ടില്ലെന്നും ആദ്യം പറഞ്ഞ ഉദ്യോഗസ്ഥർ ആ സ്ഥാനത്ത് തുടരാൻ പാടില്ല.
യു.ഡി.എഫ്, ആർ.എസ്.എസുകാരായ പൊലീസുകാർ എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും സർക്കാറിന് നിയന്ത്രിക്കാൻ കഴിയുന്നില്ല. യു.ഡി.എഫ് കാലത്ത് നിയമിച്ച സ്ഥാനത്ത് തന്നെയാണ് അവർ തുടരുന്നത്. ന്യായമായ കാര്യങ്ങളിൽേപാലും ജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽനിന്ന് നീതി ലഭിക്കുന്നില്ല. സി.പി.എമ്മുകാർക്ക് കിട്ടാത്ത പരിഗണനയാണ് ചില സ്റ്റേഷനുകളിൽ എസ്.ഡി.പി.ഐ, ആർ.എസ്.എസുകാർക്ക് ലഭിക്കുന്നത്.
പൊലീസിൽനിന്ന് പൊതുജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരികയാണെന്ന് എ.കെ.ജി സെൻറർകൂടി ഉൾപ്പെടുന്ന പാളയം ഏരിയ സമ്മേളനത്തിലും വിമർശനമുണ്ടായി. ചില പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളെ ഉപദ്രവിക്കുന്നു. സർക്കാറിന് വലിയ നാണക്കേടാണ് തുടർഭരണത്തിലും ഇവരിൽനിന്ന് ഉണ്ടാകുന്നത്.
ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കരുത്. ഒന്നാം പിണറായി സർക്കാറിന് നാണക്കേടുണ്ടാക്കിയ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.എന്നാൽ, സർക്കാറിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ ജില്ല നേതൃത്വം വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ അഴിമതി അവസാനിപ്പിക്കാൻ ഭരണത്തിന് നേതൃത്വം നൽകുന്നവർതന്നെ നടപടിയും മുൻകൈയും എടുക്കണമെന്ന ആവശ്യവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.