സിൽവർലൈൻ സംവാദം: കല്ലിടലിനും സ്ഥലമെടുപ്പിനും വിമർശനം
text_fieldsതിരുവനന്തപുരം: കെ-റെയിൽ സംബന്ധിച്ച് ചൂടേറിയ സംവാദം. കെ-റെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പിന്തുണച്ച് മൂന്നുപേരും എതിർത്ത് ഒരാളുമാണ് സംസാരിച്ചതെങ്കിലും കേരളത്തിന്റെ റോഡ് റെയിൽ ഗതാഗത സംവിധാനങ്ങളുടെ പോരായ്മ പൊതു വിഷയമായി ഉയർന്നു.
മുൻ റെയിൽവേ ബോര്‍ഡംഗം സുബോധ് കുമാര്‍ ജയിന്, സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ഡോ. ആർ.വി.ജി മേനോന് എന്നിവരാണ് സംവാദത്തിനെത്തിയത്. നാഷനല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍നിന്ന് വിരമിച്ച സീനിയര്‍ പ്രഫസര്‍ മോഹന്‍ എ. മേനോനായിരുന്നു മോഡറേറ്റർ. കൂടാതെ സെക്രട്ടറിതല ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. ചർച്ചയിൽ പങ്കെടുത്തവരെല്ലാം ഗതാഗതമേഖലയിൽ വേണ്ട വികസനമാണ് മുന്നോട്ടുവെച്ചത്. അതിലേക്ക് പുതിയ പാത തന്നെ വേണമെന്ന് കെ-റെയിലിനെ അനുകൂലിക്കുന്നവർ പറഞ്ഞപ്പോൾ നിലവിലെ റെയിൽപാത ഇരട്ടിപ്പിച്ച് വേഗം കൂടിയ യാത്രാസൗകര്യം ഒരുക്കണമെന്ന് പദ്ധതിയോട് വിയോജിക്കുന്നവരും അഭിപ്രായപ്പെട്ടു.
സുബോധ് കുമാര്‍ ജയിന് പദ്ധതിയുടെ ഭാഗമായി കല്ലിടുന്ന രീതിയിൽ ആശങ്ക പ്രകടിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ജി.പി.എസ് ഉൾപ്പെടെ സംവിധാനങ്ങൾ ഇതിന് ഉപയോഗപ്പെടുത്താം. കല്ലിടാതെയും സാമൂഹികാഘാതപഠനം നടത്താം -അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ അനുകൂല നിലപാടുള്ള രഘുചന്ദ്രൻ നായരും സ്ഥലം ഏറ്റെടുക്കുന്ന രീതിയെ വിമർശിച്ചു. സ്റ്റാൻഡേർഡ് ഗേജിൽ പദ്ധതി നടപ്പാക്കുന്നതിനും പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിയും ആർ.വി.ജി. മേനോൻ പദ്ധതിയെ എതിർത്തു. നിലവിലെ റെയിൽപാതക്ക് സമാന്തരമായ പുതിയ പാത വേണം. തീരുമാനമെടുത്ത ശേഷമല്ല ചർച്ച നടത്തേണ്ടത്. നാലുവർഷം മുമ്പേ ഈ സംവാദം വേണ്ടതായിരുന്നു. കേരളത്തിന് വേണ്ട തെക്ക്-വടക്ക് അലൈൻമെന്റാണ് കെ-റെയിൽ എന്ന് കുഞ്ചറിയ പി. ഐസക് പറഞ്ഞു.
ആര്, എങ്ങനെ, ഏത് പ്രക്രിയയിലൂടെയാണ് സില്‍വര്‍ ലൈനില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് തീരുമാനിച്ചത് എന്ന് ആർ.വി.ജി മേനോൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.