സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം: ``ഇങ്ങനെ പോയാൽ പാർട്ടി ദക്ഷിണേന്ത്യയിൽ മാത്രമാവും''
text_fieldsതിരുവനന്തപുരം: ഇങ്ങനെ പോയാൽ സി.പി.ഐ ദക്ഷിണേന്ത്യൻ പാർട്ടി മാത്രമായി ചുരുങ്ങുമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശം. രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിലാണ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിനിധികൾ വളഞ്ഞിട്ട് ആക്രമിച്ചു. കെ-റെയിലിന് അനുകൂലമായും പ്രതികൂലമായും ചർച്ചയിൽ അഭിപ്രായ പ്രകടനവുമുണ്ടായി.
ഹിന്ദി ഹൃദയഭൂമിയിൽ പാർട്ടി വളർത്തുന്നതിൽ കേന്ദ്ര നേതൃത്വം അമ്പേ പരാജയമായെന്ന് പറഞ്ഞ പ്രതിനിധിയാണ് തെക്കേ ഇന്ത്യയിൽ മാത്രമായി ചുരുങ്ങുമെന്ന മുന്നറിയിപ്പ് നൽകിയത്. ഡി. രാജയും സ്റ്റാലിനും പിണറായി വിജയനും ഒരു വേദിയിൽ കൈകോർത്ത് നിന്നതുകൊണ്ടൊന്നും ദേശീയ തലത്തിൽ ബദലുണ്ടാവിെല്ലന്ന് മറ്റൊരു പ്രതിനിധി പറഞ്ഞു. ദേശീയ തലത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിയാത്തവരാണ് നമ്മുടെ നേതാക്കൾ. കോൺഗ്രസിനെ നന്നാക്കിയശേഷം ബി.ജെ.പിക്ക് ബദലുണ്ടാക്കാമെന്നത് നടക്കാൻ പോകുന്നില്ല. കോൺഗ്രസ് നയം തിരുത്തണമെന്ന രാജയുടെ ഉദ്ഘാടന പ്രസംഗത്തെ പരിഹസിച്ചായിരുന്നു ഈ അഭിപ്രായം.
കോൺഗ്രസ് ഉൾപ്പെടെ മതേതര, ജനാധിപത്യ കക്ഷികളെ ഒന്നിപ്പിച്ച് ബദൽ രൂപവത്കരിക്കണം. ദേശീയതലത്തിൽ നടന്ന കാർഷിക, തൊഴിലാളി സമരങ്ങളിൽ സി.പി.ഐയുടെ വർഗ-ബഹുജന സംഘടനകളുടെ പ്രാതിനിധ്യം നാമമാത്രമായിരുന്നു.
പാർട്ടി മന്ത്രിമാർക്കുപോലും പൊലീസിൽനിന്ന് നീതി ലഭിക്കാത്ത കാലമാണെന്ന്, വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ മന്ത്രി ജി.ആർ. അനിലിനുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി അഭിപ്രായമുണ്ടായി. യു.എ.പി.എ പൊലുള്ള കിരാത നിയമങ്ങൾ വിരളമായെങ്കിലും കേരളത്തിൽ പ്രയോഗിക്കുകയാണ്. പോപുലർ ഫ്രണ്ട് ഇത്രകാലം ഇവിടെ പ്രവർത്തിച്ചിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലേയെന്ന് ചോദിച്ച പ്രതിനിധികൾ പൊലീസും ഇന്‍റലിജൻസ് സംവിധാനവും തികഞ്ഞ പരാജയമെന്ന് ആക്ഷേപിച്ചു. ഇതുകാരണമാണ് കേന്ദ്രം ഇപ്പോൾ കേറി കളിക്കാൻ ഇടയായത്. ഇപ്പോൾ കേന്ദ്രത്തിന്‍റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേടിലായില്ലേ പൊലീസെന്നും ചോദ്യമുയർന്നു.
ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും വികസനം കേരളത്തിലും ഉണ്ടാകണമെന്നും അതിനായി കെ-റെയിൽ ആവശ്യമെന്ന് കൊല്ലത്ത് നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. എന്നാൽ കേരളത്തിന്‍റെ യഥാർഥ പ്രശ്നങ്ങളെ അട്ടിമറിച്ചുള്ള വികസനമല്ല ആവശ്യമെന്ന് കോഴിക്കോട് ജില്ലക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.