സാദിഖലി തങ്ങൾക്കെതിരായ വിമർശനം; മുക്കം ഉമർ ഫൈസി വിശദീകരണം നൽകി
text_fieldsകോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ വിമർശനത്തിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി നേതൃത്വത്തിന് വിശദീകരണം നൽകി. പ്രസംഗത്തിലെ പരാമർശങ്ങൾ സാദിഖലി തങ്ങളെ ഉദ്ദേശിച്ചല്ലെന്നും മാധ്യമങ്ങൾ പ്രസംഗം വളച്ചൊടിക്കുകയാണുണ്ടായതെന്നുമാണ് വിശദീകരണത്തിൽ പറയുന്നത് എന്നാണ് വിവരം. വിശദീകരണം സമസ്തയുടെ മുശാവറ ചർച്ചചെയ്യും.
എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് കോൺഫറൻസിൽ സാദിഖലി തങ്ങൾക്ക് ഖാദിയാകാൻ യോഗ്യതയില്ലെന്ന തരത്തിൽ ഉമർ ഫൈസി പരോക്ഷ വിമർശനമുന്നയിച്ചതാണ് വിവാദമായിരുന്നത്.
‘‘ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുർആനിൽനിന്നും ഹദീസിൽനിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാകണം ഖാദിമാർ. കിതാബ് ഓതുകയും വേണം. ഇതൊക്കെയുണ്ടെന്ന് അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളൂ എന്നാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കികൊടുക്കാൻ കുറേയാളുകൾ.
നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടുനിൽക്കുന്നു. കുറേയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്. ഇതിനൊക്കെ ഒരുനിയമമില്ലേ. സമസ്ത-സി.ഐ.സി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അതു കേൾക്കാർ തയാറായില്ല. സമസ്ത പറഞ്ഞാൽ കേൾക്കേണ്ടേ...’’ എന്നെല്ലാമായിരുന്നു ഉമർ ഫൈസിയുടെ പരാമർശം.
വിവാദ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി കെ.എം. ഷാജി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തുവന്നിരുന്നു. പിന്നാലെ ഫൈസിക്കെതിരെ സമസ്തയിലെ മുസ്ലിം ലീഗ് അനുകൂല വിഭാഗവും സമ്മർദം മുറുക്കിയതോടെയാണ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.